കോഴിക്കോട്: പട്ടാപ്പകൽ പന്തീരാങ്കാവിലെ കെ.കെ ജുവലറിയിൽ മാല വാങ്ങാനെന്ന വ്യാജേന എത്തിയ രണ്ടു യുവാക്കൾ മൂന്നര പവന്റെ സ്വർണമാലകളുമായി ബൈക്കിൽ രക്ഷപ്പെട്ടു. ഉടമ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മണക്കടവ് റോഡിലെ ജുവലറിയിൽ രണ്ട് യുവാക്കൾ കുട്ടികൾക്കുള്ള സ്വർണമാല വേണമെന്ന ആവശ്യവുമായി എത്തിയത്. കടയിൽ ജീവനക്കാരൻ ഉച്ചഭക്ഷണം കഴിക്കാൻ പോയത് കാരണം ഉടമ മാത്രമെ ഉണ്ടായിരുന്നുള്ളു. രണ്ട് പേരും ഹെൽമെറ്റും മാസ്‌കും ധരിച്ചിരുന്നു. ഇതിൽ ഒരാൾ മാത്രമാണ് കടയിൽ കയറിയത്. ബൈക്ക് ഓടിച്ചിരുന്ന യുവാവ് ബൈക്ക് ഓഫ് ചെയ്യാതെ കടയുടെ മുന്നിൽ തന്നെ നിന്നു.
യുവാക്കൾക്ക് തിരക്കായിരിക്കുമെന്നാണ് ഉടമ കരുതിയത്. മാലകൾ ഓരോന്നായി എടുത്ത് മുന്നിലിട്ട് കൊടുക്കുന്നതിടയിൽ 12, 16 ഗ്രാം തൂക്കമുള്ള രണ്ട് മാലകളുമായി ഓടി ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഉടമ കള്ളൻ കള്ളൻ എന്ന് വിളിച്ചകൊണ്ടു പിറകെ ഓടുന്നതിനിടയിൽ റോഡിൽ വീഴുകയായിരുന്നു. ഒരാൾ പോലും കട ഉടമയെ സഹായിക്കാനോ കള്ളനെ പിടികൂടാനോ എത്തിയില്ല.
പന്തീരാങ്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.എന്നാൽ സി സി ടി വി യിൽ ബൈക്ക് നമ്പർ വ്യക്തമല്ല.ഹെൽമെറ്റും മാസ്‌കും ധരിച്ചതു കാരണം മുഖവും വ്യക്തമല്ല. റോഡിൽ മറ്റു സ്ഥലങ്ങളിലെ സി.സി ടി വി കൾ പൊലീസ് പരിശോധിച്ചു വരികയാണ്.