കോഴിക്കോട് : പുതുപ്പാടി വെണ്ടേക്കുംചാലിൽ പൂലോട് വേനക്കാവ് മിച്ചഭൂമിയിലെ കണ്ടൻകുന്നുമ്മൽ ശ്രീധരന്റെ മകൻ റെജിയെ കുത്തികൊലപ്പെടുത്തിയ കേസിൽ പ്രതി പൂലോട് സ്വദേശി സബിൻ സി. ബേബി അറസ്റ്റിലായി.

ഞായാറാഴ്ച വൈകിട്ടാണ് വെണ്ടേക്കുംചാൽ വോളിബോൾ ഗ്രൗണ്ടിന് പിൻഭാഗത്തെ റോഡിൽ വച്ച് റെജിയ്ക്ക് കുത്തേറ്റത്. മുൻ വൈരാഗ്യത്തെ തുടർന്ന് റെജിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് അക്രമിക്കുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. നിലവിളി കേട്ടെത്തിയ റെജിയുടെ ബന്ധു ജിനീഷിനും കുത്തേറ്റിരുന്നു. അക്രമത്തിനിടെ പരിക്കേറ്റ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു പ്രതി സബിൻ. അവിടെ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.