111
ബാബു പോലുകുന്നത്ത്

കൊടിയത്തൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്‌ ഒൻപതാം വാർഡിൽ പന്നിക്കോട് വാർഡിൽ നിന്ന് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച ബാബു പൊലുകുന്നത്ത് പുതിയ വൈസ് പ്രസിഡന്റായേക്കും. പ്രസിഡന്റ് പദവി വനിതാ സംവരണമാണ്.

മുക്കം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറിയായ ബാബു പഞ്ചായത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്ന കെ പി ചന്ദ്രനെയാണ് പരാജയപ്പെടുത്തിയത്. ബാബുവിന് 377 വോട്ട് ലഭിച്ചപ്പോൾ ചന്ദ്രന് കിട്ടിയത് 376 വോട്ടാണ്. ബാബുവിന്റെ അപരനായി മത്സരിച്ച ബാബു ചേലാൻകുന്ന് 51 വോട്ട് നേടി. ചന്ദ്രന്റെ അപരന് 5 വോട്ടും കിട്ടി.

തദ്ദേശ സ്ഥാപനങ്ങളിൽ 1995ൽ ജനകീയാസൂത്രണ പദ്ധതി ആരംഭിച്ചപ്പോൾ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ പദ്ധതിയുടെ കൺവീനറായിരുന്നു ബാബു. 2005 ൽ പന്നിക്കോട് ഡിവിഷനിൽ നിന്ന് കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അക്കാലത്തെ പ്രവർത്തന മികവ് കണക്കിലെടുത്ത് ജില്ലാ കളക്ടർ പി ബി സലീം 20 ലക്ഷം രൂപയുടെ അധിക പദ്ധതി അവാർഡായി സമ്മാനിച്ചിരുന്നു.

ദീർഘകാലം കൊടിയത്തൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റായും മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് പരിശീലനം നൽകുന്ന കിലയുടെ പരിശീലകൻ കൂടിയായിരുന്നു.