lensfed
ലെൻസ്‌ഫെഡ് ജില്ലാ കൺവെൻഷൻ മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഓഫീസ് ജനസൗഹൃദ കാര്യാലയമാക്കി മാറ്റുമെന്ന് എൽ.ഡി.എഫ് ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥി മുസാഫർ അഹമ്മദ് പറഞ്ഞു.

ലെൻസ്‌ഫെഡ് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രണ്ട് പ്രളയങ്ങൾക്ക് പിറകെ കൊവിഡ് വ്യാപനം കൂടി നേരിടേണ്ടി വന്നത് ജനങ്ങളെ മാത്രമല്ല സർക്കാരിനെയും വല്ലാത്ത വിഷമസന്ധിയിലാക്കി. പ്രതിസന്ധി ഏറെ ബാധിച്ചത് നിർമ്മാണമേഖലയെയാണ്. എൻജിനിയർമാരുടെയും സൂപ്പർവൈസർമാരുടെയും മികച്ച കൂട്ടായ്മയെന്ന നിലയിൽ ലെൻസ്‌ഫെഡിന് ഈ മേഖലയ്ക്ക് പുത്തനുണർവ് പകരുന്നതിൽ കാര്യമായ പങ്ക് വഹിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് പി.ടി. അബ്ദുളളക്കോയ അദ്ധ്യക്ഷത വഹിച്ചു. ഗ്രേഡ് പ്രമോഷൻ നടപ്പിലാക്കിയതോടെ സംഘടനയിലെ അംഗങ്ങൾ ഉയർന്ന നിലവാരത്തിലെത്തിയിരിക്കെ സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് സി.എസ്. വിനോദ് കുമാർ ഓർമ്മിപ്പിച്ചു.

നിർമ്മാണമേഖലയിലെ വിലക്കയറ്റം തടയാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ലെൻസ്‌ഫെഡ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിർമ്മാണമേഖലയെ വ്യവസായമായി പ്രഖ്യാപിക്കണമെന്നു കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.