shigella

കോഴിക്കോട്: ഷിഗല്ല ബാധിച്ച് ഒരു കുട്ടി മരിച്ച കോട്ടാംപറമ്പ് മുണ്ടിക്കൽതാഴം മേഖലയിൽ രോഗം പടരാൻ ഇടയായത് വിരുന്നെത്തിയ കുട്ടിയിൽ നിന്നാണെന്ന് കണ്ടെത്തൽ. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ അസോസിയേറ്റ് പ്രൊഫസർ ഡോ. ജയകൃഷ്ണനാണ് ഇതുസംബന്ധിച്ച പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. വിരുന്നുവന്ന കുട്ടിക്ക് അതിസാരം ഉണ്ടായിരുന്നു. മരണം സംഭവിച്ച വീട്ടിലുള്ളവർ കിണറിലെ വെള്ളം തിളപ്പിക്കാതെ കുടിക്കുന്ന ശീലം ഉള്ളവരാണ്. ഇതുമൂലം അതിസാരം ഷിഗല്ലയായി മാറി. മരിച്ച കുട്ടിക്ക് വയറിളക്കം ബാധിച്ചുവെങ്കിലും മലത്തിലൂടെ രക്തം പോകുന്നത് ഗൗരവമായി എടുത്തില്ല. വളരെ വൈകിയാണ് ചികിത്സ തേടിയത്. അപ്പോഴേക്കും അപകട നിലയിൽ എത്തിക്കഴിഞ്ഞിരുന്നു. കുട്ടിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർക്ക് ശീതള പാനീയമാണ് നൽകിയത്. രോഗാണു സാന്നിദ്ധ്യമുള്ള കിണറിലെ വെള്ളം ഉപയോഗിച്ചതാണ് അയൽവാസികൾക്കും ബന്ധുക്കൾക്കും രോഗം പടരാനിടയായതെന്നും പഠനത്തിൽ പറയുന്നു. വ്യക്തി ശുചിത്വം പാലിക്കുകയും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുകയും ചെയ്താൽ ഷിഗല്ലയെ ഭയപ്പെടേണ്ടതില്ലെന്ന് ഡോ. ജയകൃഷ്ണൻ പറയുന്നു. അതിസാരം പിടിപെട്ടൽ ഉടൻ ചികിത്സ തേടണം. മലത്തിലൂടെ രക്തം പോകുന്നുണ്ടെങ്കിൽ അവഗണിക്കരുത്. രോഗം സ്ഥിരീകരിച്ച കോട്ടാംപറമ്പ് മുണ്ടിക്കൽതാഴം മേഖലയിൽ രണ്ട് ദിവസമായി പുതിയ രോഗികൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.