ബാലുശ്ശേരി: കീഴുക്കണ്ടി ബാലകൃഷ്ണൻ ലോട്ടറി ഏജന്റാണ്. വലുതും ചെറുതുമായ ലോട്ടറിയൊക്കെ അടിച്ചിട്ടുണ്ട്. പക്ഷേ, അന്നൊന്നും കാണാത്ത സന്തോഷമാണ് ഇദ്ദേഹത്തിന്റെ മുഖത്തിപ്പോൾ. കാര്യമെന്തന്നല്ലേ, ഒരു വർഷം മുമ്പ് ബാലകൃഷ്ണൻ വീടിനടുത്ത് മൈസൂർ (പാളയം കോടൻ) വാഴ നട്ടിരുന്നു. ഒരു തടത്തിൽ രണ്ട് വാഴ. വാഴകൾ കുലച്ച് പാകമായതോടെ കുല വെട്ടി. ഇപ്പോഴതാ കുല വെട്ടിയ വാഴയിലൊന്ന് വീണ്ടും കുലച്ചിരിക്കുന്നു!!. എട്ട് നിര കായ വിരിഞ്ഞിട്ടുണ്ട് പുതിയ കുലയിൽ. കുല വെട്ടിയ വാഴ കുലച്ചത് കാണാൻ നിരവധിപേരാണ് കീഴുക്കണ്ടി വീട്ടിലേക്ക് ദിവസവും എത്തുന്നത്. 'നിങ്ങളും ഇരട്ടകളിൽ ഒരാളാണല്ലോ അതുകൊണ്ട് നിങ്ങൾ നട്ട വാഴയ്ക്കും ഇരട്ടകുലകൾ വന്നതായിരിക്കും'. എന്ന കമന്റും പാസാക്കിയാണ് പലരുടെയും മടക്കം.
കെ.കെ.ബാലകൃഷ്ണനും കെ.കെ.ബാലചന്ദ്രനും ഇരട്ട സഹോദരന്മാരാണ്. സഹോദരൻ ബാലചന്ദ്രന്റെ മകൾക്കും ഇരട്ട കുട്ടികൾ. മറ്റൊരു സഹോദരൻ പരേതനായ രാജനും ഇരട്ട കുട്ടികളുണ്ട്. ചുരുക്കത്തിൽ ആകെ ഇരട്ടമയം.
ബാലകൃഷ്ണൻ ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് യൂണിയൻ ബാലുശ്ശേരി ഏരിയാ സെക്രട്ടറിയും സി.പി.എം തേനാക്കുഴി ബ്രാഞ്ച് സെക്രട്ടറിയുമാണ്. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് മുൻ മെമ്പറുമായിരുന്നു.