പുൽപ്പള്ളി: കാപ്പിസെറ്റ് പ്രദേശത്ത് വളർത്തുമൃഗങ്ങളെ തുടർച്ചയായി വന്യജീവി കൊല്ലുന്നത് ആളുകളെ ഭയവിഹ്വലരാക്കി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പ്രദേശവാസികളായ രണ്ടുപേരുടെ ആടുകളെ വന്യജീവി കൊന്നു. വളർത്തുമൃഗങ്ങളെ പിടികൂടുന്ന വന്യജീവിയെ കണ്ടെത്തുന്നതിന് വനംവകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്.
കാപ്പിസെറ്റ് എസ് സി കോളനിയിലെ ചേർപ്പുകല്ലിങ്കൽ ശിവരാജന്റെ ഗർഭിണിയായ ആടിനെയാണ് തിങ്കളാഴ്ച രാത്രി വന്യജീവി കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രി ചെത്തിമറ്റം കോളനിയിലെ പഴേടത്ത് ജോയിയുടെ ആടിനെയും കൊന്നിരുന്നു. വന്യജീവിയുടെ കാൽപാട് കണ്ടെത്താൻ കഴിയാത്തതിനാൽ ഏത് ജീവിയാണെന്ന് വ്യക്തമായിട്ടില്ലെന്ന് വ്യക്തമായിട്ടില്ലെന്ന് ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ ഡപ്യൂട്ടി റെയിഞ്ച് ഓഫീസർ ആനന്ദൻ പറഞ്ഞു. വന്യജീവിയെ കണ്ടെത്തുന്നതിന് ക്യാമറ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വന്യജീവിയെ പിടികൂടുന്നതിന് കൂട് സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.