പിടിച്ചുപറി സംഘത്തലവൻ പിടിയിൽ
കോഴിക്കോട് : നഗരത്തിലെ പിടിച്ചുപറിക്കാരെ കുടുക്കാൻ നടപടി ശക്തമാക്കി പൊലീസ്. രാത്രികാലത്ത് പിടിച്ചുപറി പതിവാക്കിയ സംഘത്തിലെ പ്രധാനി അന്നശ്ശേരി പരപ്പാറ സ്വദേശി അജ്‌നാസ് (26) കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡിന്റെയും ടൗൺ പോലീസ് ഇൻസ്‌പെക്ടർ എ. ഉമേഷിന്റെയും സംയുക്ത നീക്കത്തിൽ പിടിയിലായി.
രാത്രികാല മോഷണ സംഘങ്ങളെ കുറിച്ച് സൂചന ലഭിച്ചതായും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും ടൗൺ പോലീസ് ഇൻസ്‌പെക്ടർ എ.ഉമേഷ് പറഞ്ഞു.
നഗരത്തിൽ രാത്രികാലങ്ങളിൽ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും മൊബൈൽ ഫോണുകളും പണവും കവരുന്ന പരാതികൾ പതിവായതോടെയാണ് പൊലീസ് രാത്രി കാലപരിശോധന ശക്തമാക്കിയത്.
കഴിഞ്ഞ ദിവസം ടൗൺ സ്റ്റേഷൻ പരിധിയിൽ സി.എച്ച് ഓവർ ബ്രിഡ്ജിനടുത്തെ സ്ഥാപനത്തിന്റെ ഗ്ലാസ് ഡോർ തകർത്ത് മൊബൈൽ ഫോണും വിലപ്പെട്ട രേഖകളും മോഷണം നടത്തിയിരുന്നു. അതിനിടെ ഇന്നലെ പുലർച്ചെ പൊലീസ് പരിശോധനയ്ക്കിടെ ഒരാൾ കോഴിക്കോട് മോഡൽ സ്‌കൂൾ പരിസരത്ത് കറങ്ങി നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസാണ് അജിനാസിനെ പിടികൂടിയത്. പൊലീസിനെ കണ്ടയുടൻ ഓടാൻ ശ്രമിച്ചെങ്കിലും പിടികൂടി. ഇയാളിൽ നിന്ന് മോഷ്ടിച്ച മൊബൈൽ ഫോണും കണ്ടെത്തി.
ചോദ്യം ചെയ്യലിൽ ടൗൺ സ്റ്റേഷൻ പരിധിയിൽ മോഷണം നടത്തിയത് സമ്മതിച്ചിട്ടുണ്ട്. എലത്തൂർ, കസബ പൊലീസ് സ്റ്റേഷനുകളിലെ മോഷണ കേസുകൾക്കും വ്യക്തമായ സൂചന ലഭിച്ചു. ലഹരിമരുന്ന് ഉപയോഗിച്ചാണ് ഇയാൾ മോഷണം നടത്തുന്നതെന്നും മോഷണശ്രമം ആരെങ്കിലും കണ്ടാൽ ആക്രമിക്കുന്നതും ഇയാളുടെ രീതിയാണ്. ലഹരിമരുന്ന് ഉപയോഗിച്ചതിന് വെള്ളയിൽ, കൊയിലാണ്ടി പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ട്.
സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്, എം. ഷാലു, ഹാദിൽ കുന്നുമ്മൽ, എ. പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത് ടൗൺ പോലീസ് സബ് ഇൻസ്‌പെക്ടർമാരായ അബ്ദുൾസലിം, സുബ്രഹ്മണ്യൻ, സീനിയർ സി.പി.ഒ ഉദയൻ,
എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കൊവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.