കോഴിക്കോട്: പന്തീരാങ്കാവ് ജുവല്ലറിയിൽ നിന്ന് സ്വർണവുമായി കടന്ന പ്രതികൾക്കായി അന്വേഷണം ശക്തമാക്കി. സി.സി.ടി.വി ദൃശ്യങ്ങളും സമാന മോഷണങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം.
പ്രതികളിൽ ഒരാൾ മൊബൈലിൽ സംസാരിക്കുന്ന ദൃശ്യവും ബൈക്കിന്റെ ദൃശ്യവും ലഭ്യമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിന് പന്തീരാങ്കാവ് അങ്ങാടിയിൽ മണക്കടവ് റോഡിലുള്ള കെകെ. ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഒരാൾ മാല വാങ്ങാനെന്നു പറഞ്ഞ് ഉള്ളിൽ കടക്കുകയും മറ്റൊരാൾ സ്റ്റാർട്ട് ചെയ്തുവച്ച ബൈക്കിൽ പുറത്തു നിൽക്കുകയുമായിരുന്നു. ഉടമ കെ.കെ.രാമചന്ദ്രൻ മാത്രമാണ് കടയിലുണ്ടായിരുന്നത്. തലയിൽ തൊപ്പി ധരിച്ച് മാസ്‌കു കൊണ്ട് മുഖം മറച്ചെത്തിയ യുവാവ് മാലകളോരോന്നും കാണുന്നതിനിടെ മൂന്നര പവന്റെ ചെയിൻ കാണണമെന്ന് ആവശ്യപ്പെട്ടു. രാമചന്ദ്രൻ മാല കാണിക്കുന്നതിനിടെ യുവാവ് കയ്യിലുണ്ടായിരുന്ന മൂന്ന് പവന്റെ ചെയിനുമായി പുറത്തേക്കോടി. കൗണ്ടറിനു പിന്നിൽ തട്ടിത്തടഞ്ഞെങ്കിലും രാമചന്ദ്രൻ പിറകെ ഓടിയെത്തി. പിടിക്കാൻ ശ്രമിക്കുമ്പോൾ റോഡിൽ മറിഞ്ഞുവീണു. യുവാക്കൾ ബൈക്ക് തിരിക്കുന്നതിനിടെ വീണ്ടും ടയറിൽ പിടിച്ചെങ്കിലും റോഡിൽ തള്ളിയിട്ട് കടന്നുകളഞ്ഞു. ആദ്യം മണക്കടവ് ഭാഗത്തേക്കും പൊടുന്നനെ ബൈക്ക് തിരിച്ച് അമിതവേഗത്തിൽ കുന്നത്തുപാലം ഭാഗത്തേക്കും രക്ഷപ്പെടുകയായിരുന്നു.