election-kerala

നാദാപുരം: നാദാപുരം മേഖലയിലെ അഞ്ചു പഞ്ചായത്തുകളിൽ സാരഥിയാവുക വനിതകൾ.
ചെക്യാട്, വാണിമേൽ പഞ്ചായത്തുകളിൽ മുസ്ലിം ലീഗ് പ്രതിനിധികളാണ് പ്രസിഡന്റാവുക. തൂണേരി പഞ്ചായത്തിൽ ലീഗും കോൺഗ്രസും പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരുപോലെ അവകാശവാദമുന്നയിക്കുന്നുണ്ട്. ഇവിടെ കഴിഞ്ഞ ഭരണസമിതിയിൽ സ്ഥിരം സമിതി അദ്ധ്യക്ഷയായ പി.ഷാഹിനയാണ് പ്രസിഡന്റാവാൻ സാദ്ധ്യത. കോൺഗ്രസ് പക്ഷത്ത് മൂന്നു വനിതകളുടെ പേരുകൾ ഉയർന്നിട്ടുണ്ട്.

എൽ.ഡി.എഫിന് മുൻതൂക്കമുള്ള എടച്ചേരി, പുറമേരി പഞ്ചായത്തുകളിൽ സി.പി.എം പ്രതിനിധികൾ ഭരണച്ചുമതലയേൽക്കും.
ചെക്യാട് കഴിഞ്ഞ ഭരണസമിതിയിൽ സ്ഥിരം സമിതി ചെയർ പേഴ്സണായ കൊട്ടാരത്ത് നസീമയെയാണ് പരിഗണിക്കുന്നത്.
എന്നാൽ, കഴിഞ്ഞ തവണ മെമ്പറായ സി എച്ച് സമീറയുടെ പേരും ഉയർന്നുവന്നിട്ടുണ്ട്. വാണിമേലിൽ മുൻ മെമ്പർ കൂടിയായ പി സുരയ്യ പ്രസിഡന്റാവും. പുറമേരി പഞ്ചായത്തിൽ സി പി എം പ്രതിനിധ അഡ്വ . ജ്യോതിലക്ഷ്മി പ്രസിഡന്റാവും. എടച്ചേരിയിൽ സി പി എമ്മിലെ പത്മിനി പ്രസിഡന്റ് സ്ഥാനമേൽക്കും. നാദാപുരം പഞ്ചായത്തിൽ മുസ്ലിം ലീഗിലെ വി വി മുഹമ്മദലിയും വളയത്ത് സി പി എമ്മിലെ കെ പി പ്രതീഷും പ്രസിഡന്റായി വരും.