കോഴിക്കോട്: ക്രിസ്മസിന് നേരങ്ങൾ മാത്രം ശേഷിക്കെ സാന്താക്ലോസ് മുഖം മൂടികളുമായി രാജസ്ഥാനിൽ നിന്നെത്തിയവർ തെരുവുകളിൽ സജീവമായി. ക്രിസ്മസ് പപ്പാ ഉടുപ്പുകൾ, കുഞ്ഞു ക്രിസ്മസ് പപ്പമാർ...സരോവരം വഴി കടന്നു പോകുന്നവർക്ക് കാണാം തിരുപിറവിയുടെ ഓർമ്മകൾ തുടിക്കുന്ന കാഴ്ച്ചകൾ. രാജസ്ഥാൻ സ്വദേശികളായ മംമ്തയും ഡെബിഡി ലാലുമാണ് ഇത്തവണയും കോഴിക്കോട്ടുകാരുടെ ക്രിസ്മസ് ആഘോഷത്തിന് പൊലിമ കൂട്ടാൻ നഗരത്തിലെത്തിയിരിക്കുന്നത്. കുട്ടികളെയും മുതിർന്നവരേയും ഒരുപോലെ ആകർഷിക്കുന്ന വിധത്തിലാണ് തൊപ്പിയും ഉടുപ്പുകളും അലങ്കരിച്ച് വെച്ചിട്ടുള്ളത്. സാന്താക്ലോസ് മുഖംമൂടിക്ക് 150 രൂപയാണ് വില. തൊപ്പി 50, ക്രിസ്മസ് പപ്പാ ഉടുപ്പുകൾക്ക് 900, 750,350 എന്നിങ്ങനെയാണ് വില. മുൻകാലങ്ങളിലെ പോലെ വലിയ പ്രതീക്ഷയോടെയാണ് മംമ്തയും ഡെബിഡി ലാലും ഈ ക്രിസ്മസ് കാലത്തും കോഴിക്കോട്ട് എത്തിയത്. എന്നാൽ കൊവിഡിനെ ഭയന്ന് യാത്രക്കാരെല്ലാം കാഴ്ചക്കാർ മാത്രമാവുകയാണ്. നേരത്തെ വിദ്യാർത്ഥികൾ വലിയ തോതിൽ സാധനങ്ങൾ വാങ്ങാറുണ്ടായിരുന്നു. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുന്നതിനാൽ കുട്ടികളും എത്തിയില്ല.