വടകര: മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ സ്മരണ മുൻനിറുത്തി വടകരയിൽ ലീഡർ അഡ്വക്കസി സ്റ്റഡി സെന്റർ എന്ന പേരിൽ രാഷ്ട്രീയ പഠന കേന്ദ്രം തുടങ്ങും. വടകര നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെടുന്ന നിർധന വിദ്യാർത്ഥികൾക്ക് പഠന സ്കോളർഷിപ്പ് ഏർപ്പെടുത്താനും കെ.കരുണാകരൻ അനുസ്മരണ സമിതി തീരുമാനിച്ചു.
വടകരയിൽ ഒരുക്കിയ കെ.കരുണാകരൻ അനുസ്മരണ സമ്മേളനത്തിലാണ് സമിതിയുടെ പ്രഖ്യാപനമുണ്ടായത്. കെ പി സി സി നിർവാഹക സമിതി അംഗവും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി ചെയർമാനുമായ മമ്പറം ദിവാകരൻ അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. രാഷ്ട്രീയ ചാണക്യൻ കെ.കരുണാകരന്റെ ജീവിതം ഇന്നത്തെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തിൽ ദേശീയ രാഷ്ട്രീയത്തിനാകെ പാഠപുസ്തകമാവേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
അനുസ്മരണ സമിതി ചെയർമാൻ കളത്തിൽ പീതാംബരൻ ആമുഖ പ്രഭാഷണം നടത്തി. പുറന്തോടത്ത് സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. കെ പി കരുണൻ, ശശിധരൻ കരിമ്പനപ്പാലം, ബാബു ഒഞ്ചിയം, ടി വി സുധീർ കുമാർ, ആസിഫ് കുന്നത്ത്, പി കെ വൃന്ദ, ജയദാസൻ കാടോട്ടി, നല്ലാടത്ത് രാഘവൻ, ഷീന കുരിക്കിലാട്, സി വി അജിത, ശ്രീജിന സി കെ, രാഹുൽ പുറങ്കര എന്നിവർ സംസാരിച്ചു.