img20201223
മുക്കം നഗരസഭയിലെ സ്വതന്ത്ര അംഗം മുഹമ്മദ് അബ്ദുൽ മജീദ്

മുക്കം: മുക്കം നഗരസഭയുടെ ഭരണം സംബന്ധിച്ച അനിശ്ചിതത്വത്തിന് ഒടുവിൽ അറുതിയായി. സ്വതന്ത്രന്റെ പിന്തുണയോടെ എൽ.ഡി.എഫിന് വീണ്ടും ഭരണം ഉറപ്പായിരിക്കുകയാണ്. മുപ്പതാം ഡിവിഷനിൽ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച മുസ്ലിം ലീഗ് വിമതൻ മുഹമ്മദ് അബ്ദുൽ മജീദ് എൽ.ഡി.എഫ് നേതാക്കളോടൊപ്പമെത്തി വാർത്താസമ്മേളനത്തിൽ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

ഇടതുമുന്നണിയുടെ അഞ്ചു വർഷത്തെ ഭരണത്തിൽ പൂർണതൃപ്തനാണന്നും പുതുതായി താൻ ഉന്നയിച്ച നിർദ്ദേശങ്ങളെല്ലാം അവർ അംഗീകരിച്ചതോടെയാണ് പിന്തുണ നൽകാൻ തീരുമാനിച്ചതെന്നും മജീദ് പറഞ്ഞു. ഇടതു മുന്നണിയ്ക്ക് ഭരിക്കാൻ പിന്തുണ നൽകുമെങ്കിലും മുസ്ലിം ലീഗുകാരനായി തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലീം ലീഗ് സസ്‌പെൻഷൻ പിൻവലിച്ചാൽ തിരിച്ചുപോകുമോ എന്നും എൽ.ഡി.എഫ് അംഗീകരിച്ച നിർദേശങ്ങൾ നടപ്പാക്കിയില്ലെങ്കിൽ പിന്തുണ പിൻവലിക്കുമോ എന്നുമുള്ള ചോദ്യങ്ങൾക്ക് സാഹചര്യത്തിനനുസരിച്ച് പ്രവർത്തിക്കുമെന്നായിരുന്നു പ്രതികരണം.

ആകെ 33 അംഗങ്ങളുള്ള മുക്കം നഗരസഭയിൽ ഇടതുമുന്നണിയ്ക്കും യു.ഡി.എഫ് - വെൽഫെയർ പാർട്ടി സഖ്യത്തിനും 15 വീതം സീറ്റാണ് ലഭിച്ചത്. എൻ. ഡി. എ യ്ക്ക് രണ്ട് അംഗങ്ങളും.

എൻ.ഡി.എ ഒരു മുന്നണിയെയും പിന്തുണയ്ക്കില്ലന്ന് നേരത്തേ വ്യക്തമാക്കിയ സാഹചര്യത്തിലാണ് 16 അംഗങ്ങളുടെ പിന്തുണയോടെ എൽ.ഡി.എഫിന് മുക്കം നഗരസഭ ഭരിക്കാനാവുമെന്നായത്. സി.പി.എം തിരുവമ്പാടി ഏരിയാ സെക്രട്ടറി ടി.വിശ്വനാഥൻ, എൽ.ഡി.എഫ് നേതാക്കളായ ഇളമന ഹരിദാസൻ, കെ.ടി.ബിനു തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.