
കോഴിക്കോട്: ജില്ലയിൽ ഫറോക്ക് കല്ലമ്പാറയിലെ ഒന്നര വയസുകാരന് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. കുട്ടിയെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമെന്ന് ഡി.എം. ഒ ഡോ.വി.ജയശ്രീ പറഞ്ഞു.
ഷിഗല്ല ആദ്യം കണ്ടെത്തിയത് മെഡിക്കൽ കോളേജിനു സമീപത്ത് മായനാട് മുണ്ടിക്കൽ താഴത്തായിരുന്നു. ഫറോക്കിൽ രോഗാണുക്കളുടെ സ്രോതസ് പരിശോധിച്ചു വരികയാണ്. മുണ്ടിക്കൽതാഴത്ത് നിന്ന് ആരും ഈ സ്ഥലത്തേക്ക് എത്തിയിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. രോഗം ബാധിച്ച കുട്ടിയുടെ വീടിന് ചുറ്റുമുള്ള കിണറുകളും മറ്റ് ജലസ്രോതസ്സുകളും സൂപ്പർ ക്ളോറിനേഷൻ നടത്തി. സ്ഥലത്ത് ബോധവത്കരണ ക്യാമ്പും നടത്തി.
മുണ്ടിക്കൽതാഴത്ത് രണ്ട് വീടുകളിലെ കിണറുകളിൽ ഷിഗല്ല അണുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. മലാപ്പറമ്പിലെ റീജിയണൽ ലാബിൽ അയച്ച അഞ്ച് സാമ്പിളുകളിൽ രണ്ടെണ്ണമാണ് പോസിറ്റീവായത്.
കൊവിഡ് രോഗികൾ
ഇന്നലെ 5177
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 5177 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 56,073 സാമ്പിളുകളാണ് പരിശോധിച്ചത്. 9.23 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 4542 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 475 പേരുടെ ഉറവിടം വ്യക്തമല്ല. 52 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 63,155 പേരാണ് ചികിത്സയിലും 2,70,725 പേർ നിരീക്ഷണത്തിലുമുണ്ട്.