tinku1
വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി കളക്ടറേറ്റിൽ വിളിച്ചുചേർത്ത രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ ഇലക്ടറൽ റോൾ ഒബ്സർവർ ടിങ്കു ബിസ്വാൾ സംസാരിക്കുന്നു. ജില്ലാ കളക്ടർ എസ്. സാംബശിവ റാവു സമീപം.

കോഴിക്കോട്: വോട്ടർപട്ടിക പുതുക്കൽ സമഗ്രമാക്കാൻ കമ്മിഷന്റെ നിർദ്ദേശപ്രകാരം ഫീൽഡ്തല പരിശോധന ഉറപ്പാക്കുമെന്ന്

ഇലക്ടറൽ റോൾ ഒബ്സർവർ ടിങ്കു ബിസ്വാൾ പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിൽ യുവവോട്ടർമാരെ പട്ടികയിലുൾപ്പെടുത്തുന്നതിന് ഓരോ പ്രദേശത്തെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെ സഹകരണം അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരം ജില്ലയിലെത്തിയ അവർ കളക്ടറേറ്റിൽ വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു.

ജനുവരി ഒന്നിന് 18 വയസ് പൂർത്തിയാകുന്നത് അടിസ്ഥാനമാക്കി ഡിസംബർ 31 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാം. പേര് തിരുത്തൽ, നീക്കം ചെയ്യൽ എന്നിവയും ചെയ്യാം. നവംബർ 16നാണ് വോട്ടർപട്ടിക പുതുക്കൽ നടപടി ആരംഭിച്ചത്. പേര് ചേർക്കലിനും തിരുത്തലുകൾക്കും വെബ്‌സൈറ്റ് (voterportal.eci.gov.in) സന്ദർശിക്കാം. വോട്ടർ പട്ടികയിൽ പേരുചേർക്കൽ നടപടികൾ സംസ്ഥാനത്ത് മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്ന് ടിങ്കു ബിസ്വാൾ പറഞ്ഞു. കോളേജുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും പ്രവർത്തിക്കാത്ത സാഹചര്യത്തിൽ ബൂത്ത് ലെവൽ അസിസ്റ്റന്റുമാർ മുഖേന പരമാവധി അപേക്ഷകൾ ശേഖരിച്ച് നൽകാൻ രാഷ്ട്രീയപാർട്ടി പ്രവർത്തകർ സഹകരിക്കണമെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു പറഞ്ഞു.

നിലവിലുള്ള വോട്ടർപട്ടികയിൽ ഭൂമിശാസ്ത്രപരമായ അപാകതകളുണ്ടെന്നും ഒരേ പഞ്ചായത്തിലുള്ളവർക്ക് പോളിംഗ് ബൂത്ത് അനുവദിച്ചിരിക്കുന്നത് വെവ്വേറെ സ്ഥലങ്ങളിലാണെന്നും പ്രതിനിധികളിൽ ചിലർ പറഞ്ഞു. വോട്ടർമാരുടെ സൗകര്യം പരിഗണിച്ച് ഏറ്റവുമടുത്ത ബൂത്തിലേക്ക് വോട്ടവകാശം മാറ്റി നൽകുന്നത് പരിഗണിക്കാൻ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ബൂത്ത് അറേഞ്ച്‌മെന്റ് യോഗം വിളിച്ചു ചേർക്കണമെന്നും അവർ ആവശ്യപ്പെട്ടു.

യോഗത്തിൽ സബ് കളക്ടർ ജി.പ്രിയങ്ക, ഇലക്‌ഷൻ ഡെപ്യൂട്ടി കളക്ടർ ടി.ജനിൽ കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.ശ്രീധരൻ (സി. പി.എം), ടി.വി.ബാലൻ (സി.പി. ഐ), പി.എം അബ്ദുറഹ്‌മാൻ (കോൺഗ്രസ്), കെ.മൊയ്തീൻ കോയ (മുസ്ലിം ലീഗ്), പി.പി.ഗോപാലൻ (ബി ജെ പി), എൻ.സി.മൊയീൻകുട്ടി (എൽ ജെ ഡി), സി.പി.ഹമീദ് (കോൺഗ്രസ് എസ്), പി.ആർ.സുനിൽ സിംഗ് (എൻ സി പി), പി.ടി.ആസാദ് (ജനതാദൾ), ഷാജി കളത്തിൽതൊടി (ബി എസ് പി), എ.ലോഹ്യ (ജെ ഡി എസ്) തുടങ്ങിയവർ സംബന്ധിച്ചു.