
കോഴിക്കോട്: സമാധാനത്തിന്റെ ദൂതുമായി ഭൂമിയിൽ അവതരിച്ച യേശുക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി വിശ്വാസികൾ ക്രിസ്മസ് ആഘോഷ നിറവിൽ.
കൊവിഡ് പ്രോട്ടോകൾ പാലിച്ച് ക്രിസ്തീയ ദേവാലയങ്ങളിൽ ദിവ്യബലികൾ നടന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത നൂറ് പേർക്കായിരുന്നു ചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതി. കോഴിക്കോട് ദേവമാത കത്തീഡ്രലിൽ രാത്രി പത്തിന് ആരംഭിച്ച പിറവി തിരുന്നാൾ ശുശ്രൂഷകൾക്ക് കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ നേതൃത്വം നൽകി. ഇന്ന് രാവിലെ എട്ടിന് വിശുദ്ധ കുർബാന നടക്കും. താമരശേരി മേരിമാതാ കത്തീഡ്രലിൽ പുലർച്ചെ 12ന് താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയൽ ദിവ്യബലി അർപ്പിച്ചു. വികാരി ഫാ. മാത്യു മാവേലി, അസി. വികാരി ഫാ.തോമസ് കടപ്ലാക്കൽ എന്നിവർ സഹ കാർമ്മികത്വം വഹിച്ചു. രാവിലെ 6.30നും എട്ടിനും ദിവ്യബലിയുണ്ടാകും.
മലാപറമ്പ് ക്രിസ്തുരാജ ദേവാലയത്തിൽ പുലർച്ചെ 12ന് ആരംഭിച്ച തിരു കർമ്മങ്ങൾക്ക് വികാരി ഫാ. രാജു അഗസ്റ്റ്യൻ എസ്.ജെ മുഖ്യകാർമികത്വം വഹിച്ചു. ഇന്ന് രാവിലെ 6.30ന് കുർബാന നടക്കും.
കോഴിക്കോട് സിറ്റി സെന്റ് ജോസഫ് ചർച്ചിൽ രാത്രി 10.00 തിരുകർമ്മ പരിപാടികൾ നടന്നു. ചടങ്ങുകൾക്ക് വികാരി ഫാ. ജിജു പള്ളിപറമ്പിൽ നേതൃത്വം നൽകി. ഇന്ന് രാവിലെ ആറിന് കുർബാന നടക്കും. കല്ലായ് സെന്റ് പാട്രിക്ക് ചർച്ചിൽ 11.30ന് തിരു കർമ്മങ്ങൾ നടന്നു. വികാരി ജിയോലിൻ എടേഴത്ത് കാർമികത്വം വഹിച്ചു. ഇന്ന് രാവിലെ 6.30 നും 7.30നും വിശുദ്ധ കുർബാന നടക്കും. ചേവായൂർ നിത്യസഹായക മാത പള്ളിയിൽ രാത്രി 10.30ന് തിരു കർമ പരിപാടികൾ നടന്നു. വികാരി ഫാ. ഫിലിപ്പ് ചക്കുംമുട്ടിൽ നേതൃത്വം നൽകി. ഇന്ന് രാവിലെ ഏഴ്, ഒമ്പത്, 11.00 വൈകീട്ട് ആറ് എന്ന സമയങ്ങളിൽ വി. കുർബാന നടക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കെ തിരുകർമ്മങ്ങളിലും വി. കുർബാനയിലും പങ്കെടുക്കാൻ കഴിയുകയുള്ളൂവെന്ന് പള്ളി അധികൃതർ അറിയിച്ചു. ദേവഗിരി സെന്റ് ജോസഫ് ചർച്ചിൽ രാത്രി 10.30ന് തിരുകർമങ്ങൾ നടന്നു. വികാരി ബിജു ജോസഫ് ചക്കാലയിൽ നേതൃത്വം നൽകി. ഇന്ന് രാവിലെ 6.30, എട്ട്, ഒമ്പത്,11.00 എന്നി സമയങ്ങളിൽ വി. കർബാന നടക്കും.
അശോകപുരം ഇൻഫന്റ് ജീസസ് ചർച്ചിൽ രാത്രി പത്തിന് നടന്ന പാതിര കുർബാനയ്ക്ക് ഫാ. ജോൺ പള്ളിക്കാവയലിൽ നേതൃത്വം നൽകി. ഇന്ന് രാവിലെ ഏഴിനും ഒമ്പതിനും വി. കുർബാന നടക്കും. ഈസ്റ്റ്ഹിൽ ഫാത്തിമമാത പള്ളിയിൽ രാത്രി പത്തിന് നടന്ന തിരുകർമങ്ങൾക്ക് വികാരി ഫാ. തോമസ് കളരിക്കൽ നേതൃത്വം നൽകി. ഇന്ന് രാവിലെ 6.30നും എട്ടിനും സമയങ്ങളിൽ കുർബാന നടക്കും.