കോഴിക്കോട്: തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച തലശേരി പാലയാട് ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക സംഗീത കെ.പിയുടെ അവയവങ്ങൾ മൂന്ന് പേർക്ക് പുതുജീവനേകി. കടുത്ത തലവേദനയെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ച സംഗീതയുടെ ആരോഗ്യസ്ഥിതി ഗുരുതരമായതിനാൽ അടുത്ത ദിവസം കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനോടകം രോഗം സങ്കീർണ്ണമാവുകയും ബുധനാഴ്ച വൈകീട്ടോടെ മസ്തിഷ്ക മരണം സംഭവിക്കുകയുമായിരുന്നു.
സാമൂഹികമായ ഇടപെടലുകളിൽ സജീവമായിരുന്ന ടീച്ചർ നേരത്തെ മരണാനന്തര അവയവ ദാനത്തിനുള്ള താൽപര്യം സഹപ്രവർത്തകരോടും കുടുംബത്തോടും പങ്കുവെച്ചിരുന്നു. അവയവ ദാനത്തിനുള്ള സാദ്ധ്യതകൾ ആസ്റ്റർ മിംസിലെ ഡോക്ടർമാർ കുടുംബത്തോട് സംസാരിക്കുകയും കുടുംബം അവയവ ദാനത്തിന് തയ്യാറാവുകയുമായിരുന്നു. സർക്കാരിന്റെ 'മൃതസഞ്ജിവനി'യിൽ രജിസ്റ്റർ ചെയ്തവരെ കണ്ടെത്തി ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. രാത്രി പത്ത് മണിയോടെ ആരംഭിച്ച ശസ്ത്രക്രിയ രാവിലെ പത്ത് മണിയോടെയാണ് പൂർത്തിയായത്. സംഗീതയുടെ ഭർത്താവ് ഷാജേഷ് പ്രവാസിയാണ്. കുവൈത്തിൽ ജോലി ചെയ്യുന്ന ഇദ്ദേഹം അവധിക്ക് നാട്ടിലെത്തിയതാണ്. മക്കൾ: പുണ്യ (എൻജിനിയറിംഗ് കോളേജ് കണ്ണൂർ), പൂജ (സേക്രഡ് ഹാർട്ട് സ്‌കൂൾ). ലിവർ ട്രാൻസ്‌പ്ലാന്റ് വിഭാഗം സർജന്മാരായ ഡോ.സജീഷ് സഹദേവൻ, ഡോ.നൗഷിഫ്, ഡോ.അഭിഷേക് രാജൻ, ഡോ. സീതാലക്ഷ്മി, യൂറോളജി വിഭാഗം സർജന്മാരായ ഡോ. രവികുമാർ, ഡോ. അഭയ് ആനന്ദ്, ഡോ. സുർദാസ് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. അനീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ടീം, നെഫ്രോളജി വിഭാഗം മേധാവി ഡോ. സജിത്ത് നാരായണന്റെ നേതൃത്വത്തിലുള്ള ടീം, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. കിഷോർ കുമാർ, ട്രാൻസ്‌പ്ലാന്റ് അനസ്തറ്റിസ്റ്റ് ഡോ. രാഗേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമുമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ചത്. ട്രാൻസ്‌പ്ലാന്റ് കോ ഓർഡിനേറ്റർ അൻഫി മിജോയുടെ മേൽനോട്ടത്തിലായിരുന്നു ശസ്ത്രക്രിയ.