സുൽത്താൻ ബത്തേരി: തലശ്ശേരി-വയനാട്-മൈസൂർ റെയിൽപാത സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമല്ലെന്ന് തെളിയുകയും തിരുവനന്തപുരം കാസർകോട് അതിവേഗ റെയിൽപാതയ്ക്ക് നീതി ആയോഗ് അനുമതി നിഷേധിക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രായോഗികമായ നഞ്ചൻകോട്-സുൽത്താൻബത്തേരി-നിലമ്പൂർ റെയിൽപാതയുടെ പ്രവർത്തികൾ പുനരാരംഭിക്കണമെന്ന് നീലഗിരി വയനാട് എൻ.എച്ച് ആൻഡ് റെയിൽവേ ആക്‌ഷൻ കമ്മറ്റി ആവശ്യപ്പെട്ടു.
ഈ പാതയ്ക്ക് 2016-ൽ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കുകയും നിർമ്മാണം തുടങ്ങാനായി പിങ്ക് ബുക്കിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നതാണ്. പദ്ധതി സംയുക്ത സംരംഭമായി നിർമ്മിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കരാർ ഒപ്പിടുകയും ചെയ്തിരുന്നു. ഡി.പി. ആർ തയ്യാറാക്കാൻ കേരള സർക്കാർ ഡോ. ഇ. ശ്രീധരന്റെ നേതൃത്വത്തിൽ ഡി.എം.ആർ.സി.യെ ചുമതലപ്പെടുത്തി. ഇ.ശ്രീധരൻ കൽപ്പറ്റയിലെത്തി ചർച്ച നടത്തുകയും 5 വർഷം കൊണ്ട് പാത പൂർത്തിയാക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. തുടർന്ന് ഇ. ശ്രീധരനും കേരള ഉദ്യാഗസ്ഥരുമടങ്ങുന്ന സംഘം ബാംഗ്ലൂരിൽ പോയി കർണ്ണാടക ഉന്നത ഉദ്യോഗസ്ഥരമുയി ചർച്ച നടത്തി. ഇ.ശ്രീധരൻ കർണ്ണാടക മുഖ്യമന്ത്രിയെ നേരിൽ കണ്ടും പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് ഉറപ്പ് വാങ്ങിയിരുന്നു. 2017 ഫെബ്രുവരിയിൽ മന്ത്രി ജി.സുധാകരൻ കൽപ്പറ്റ ടൗൺ ഹാളിൽ ജനകീയ കൺവെൻഷൻ വിളിച്ച്‌ചേർത്ത് പദ്ധതി ലോഞ്ചിംഗ് പ്രഖ്യാപിച്ചു. ഡി.എം.ആർ.സി. വിദഗ്ദ്ധ സംഘം വയനാട്ടിലും, നിലമ്പൂരിലും, കർണ്ണാടകയിലുമെത്തി അന്തിമ സ്ഥലനിർണ്ണയ സർവ്വേ നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇതിനായി ഡി.എം.ആർ.സിക്ക് അനുവദിച്ച 8 കോടി രൂപയിൽ നിന്ന് 2 കോടി രൂപ ഡി.എം.ആർ.സി.യുടെ അക്കൗണ്ടിൽ നിക്ഷേപിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ ഉന്നതങ്ങളിൽ നിന്നുളള നിർദ്ദേശത്തെ തുടർന്ന് അന്ന് തന്നെ ഈ ഉത്തരവ് മരവിപ്പിച്ചു. തുക ലഭിക്കാത്തതിനെ തുടർന്ന് നഞ്ചൻകോട്-നിലമ്പൂർ പാതയുടെയും, തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുടെയും പ്രവർത്തി നിർത്തിവെക്കാൻ ഡി.എം.ആർ.സി. നിർബന്ധിതരായി.
കേരള സർക്കാർ പരിശ്രമിച്ച തലശ്ശേരി-മൈസൂർ റെയിൽപാത സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമല്ല എന്ന ഇ ശ്രീധരന്റെ റിപ്പോർട്ട് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. കണ്ണൂർ ജില്ലയുടെ അതിർത്തിയിൽ സമുദ്ര നിരപ്പിൽ 100 മീറ്റർ ഉയരത്തിൽ നിന്ന് 15 കി.മീ. അകലെ വയനാട്ടിൽ 800 മീറ്റർ ഉയരത്തിലേയ്ക്ക് പേരിയ വനത്തിലൂടെ റെയിൽപാത ഉയർത്തി കൊണ്ടുവരാനുളള സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനാകില്ല.
കൊവിഡ് നിയന്ത്രണങ്ങൾ നിലനിന്നതിനാലാണ് ഒരു വർഷമായി ആക്ഷൻ കമ്മറ്റി സമരപരിപാടികളിൽ നിന്ന് വിട്ട് നിന്നത്. റെയിൽപാതയ്ക്ക് വേണ്ടി ജനകീയ പ്രക്ഷോഭങ്ങളാരംഭിക്കാൻ ആക്‌ഷൻ കമ്മറ്റി തീരുമാനിച്ചു. ആദ്യഘട്ടമായി വയനാട് സിവിൽസ്റ്റേഷന് മുമ്പിൽ ധർണയും, തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുമ്പിൽ സമരവും നടത്തും.
അഡ്വ. ടി.എം.റഷീദ്, വിനയകുമാർ അഴീപ്പുറത്ത്, പി.വൈ മാത്തായി, ഫാ.ടോണി കോഴിമണ്ണിൽ, ബിജു പൗലോസ്, സൽമാൻ, എം.എ.അസൈനാർ, ഐസൻജോസ്,ജോസ് കപ്യാർമല, ജോയിച്ചൻ വർഗ്ഗീസ്,മോഹൻ നവരംഗ്, നാസർ കാസിം എന്നിവർ സംസാരിച്ചു.
നഞ്ചൻകോട്-
സുൽത്താൻബത്തേരി-
നിലമ്പൂർ