സുൽത്താൻ ബത്തേരി: ജനുവരി അവസാനത്തോടെ കൊവിഡ് വാക്സിനുകൾ വിതരണം ചെയ്യുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്കായി ഓൺലൈൻ പരിശീലന ക്ലാസ് നടത്തി.

ഏകദിന ക്ലാസിൽ വാക്സിൻ സംബന്ധിച്ച് വിദഗ്ധർ ക്ലാസുകൾ എടുത്തു. വാക്സിനേഷൻ നൽകുന്ന രീതിയും ആരോഗ്യ പ്രവർത്തകർ പുലർത്തേണ്ടുന്ന കാര്യങ്ങളെപ്പറ്റിയുമാണ് ക്ലാസിൽ വിവരിച്ചത്.
ജനുവരി അവസാനത്തോടെ വാക്സിൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ഡോസാണ് കുത്തിവെക്കുക. ആദ്യം ഒരു ഡോസ് നൽകിയശേഷം രണ്ടാഴ്ചയ്ക്കുശേഷം അടുത്ത ഡോസ് നൽകാനാണ് ആരോഗ്യ പ്രവർത്തകർക്ക് പരിശീലന ക്ലാസിൽ നിന്ന് ലഭിച്ചിട്ടുള്ള നിർദേശം.

മരുന്ന് വിതരണം ആരംഭിക്കുന്നതോടൊപ്പം ബ്ലോക്ക് തലത്തിൽ കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. എന്തങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടായാൽ ഉടൻ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് അടിയന്തിര നടപടിക്ക് വിധേയമാകണം.

കൊവിഡ് വാക്സിന്റെ വിതരണവുമായി ബന്ധപ്പെട്ട് പ്രത്യേക വെബ് പോർട്ടലും തുടങ്ങി. കൊവിഡ് സംബന്ധമായ മുഴുവൻ കാര്യങ്ങളും ഈ പോർട്ടലിൽ നിന്ന് ലഭിക്കും.
വാക്സിൻ ആദ്യ ഘട്ടത്തിൽ നൽകുന്നത്‌ ഡോക്ടർമാർ, റിസ്‌ക്ക് ഹെൽത്ത് പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സുമാർ, ആശാപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർക്കാണ്.

വാക്സിനുകൾ സൗജന്യമായി നൽകാനുള്ള നീക്കമാണ് സർക്കാർ തലത്തിൽ നടത്തുന്നത്. രണ്ടാംഘട്ടത്തിലും മുൻഗണന ലഭിക്കേണ്ടവർക്ക് വാക്സിൻ നൽകിയ ശേഷമാണ് മറ്റുള്ളവർക്ക് നൽകുക. വാക്സിൻ വിതരണം കുറ്റമറ്റ രീതിയിൽ നടത്തുന്നതിന് വേണ്ട പരിശീലനവും ഓൺലൈൻ ക്ലാസ് വഴി നൽകുകയുണ്ടായി.
കഴിഞ്ഞ ദിവസം നടന്ന ഓൺലൈൻ പരിശീലന ക്ലാസിൽ ആരോഗ്യമേഖലയിൽ നിന്ന് ഡോക്ടർമാരും സൂപ്രവൈസർമാരുമാണ് പങ്കെടുത്തത്. അടുത്ത ഘട്ടത്തിൽ ബ്ലോക്ക് തല പരിശീലനവും തുടർന്ന് വിവിധ വകുപ്പുകൾക്ക് ഇത് സംബന്ധിച്ച ക്ലാസുകളും നൽകും.