വടകര: നടന്ന് കാലുറക്കും മുമ്പേ നീന്തലിൽ മായാജാലം തീർത്ത അലോക് കൃഷ്ണ കൊവിഡ് വന്നതോടെ ആകെ സങ്കടത്തിലാണ്. ക്ഷേത്രക്കുളങ്ങൾ വരെ അടച്ചതോടെ ജലാഭ്യാസം കാണിക്കാൻ എവിടെ പോകുമെന്നാണ് ഈ നീന്തൽ വിദഗ്ധന്റെ ചോദ്യം.
നാലുവയസുകാരനായ അഴിയൂർ കോറോത്ത് റോഡിലെ ഗുരിക്കൾ പറമ്പിൽ അലോക് കൃഷ്ണയ്ക്ക് വെള്ളം കണ്ടാൽ ഹരം കയറും. വെള്ളത്തിനടിയിൽ മണിക്കൂറുകൾ ചെലവഴിക്കുന്നതാണ് പ്രധാന ഹോബി. കുടുംബത്തോടൊപ്പം കണ്ണൂർ വിസ്മയ പാർക്കിലെത്തിയപ്പോൾ അമ്മൂമ്മ രത്നയോടൊപ്പം അലോക് വെള്ളത്തിലിറങ്ങാൻ വാശി കാട്ടിയപ്പോഴാണ് നീന്തലിലെ കഴിവ് തിരിച്ചറിഞ്ഞത്. അമ്മാവൻ രമിത്ത് വീട്ടുമുറ്റത്ത് നിർമ്മിച്ച നീന്തൽകുളത്തിലാണ് അലോകിന്റെ ഇപ്പോഴത്തെ അഭ്യാസം. ചെണ്ടകൊട്ടുക, മേളത്തിനൊപ്പം ഇലത്താളം കൊട്ടുക എന്നിങ്ങനെ നീളുന്നു അലോകിന്റെ 'കുസൃതികൾ'. എന്നാൽ ഇതെല്ലാം ബന്ധുക്കൾക്കല്ലാതെ മറ്റാർക്കുമറിയില്ല. ആരും പ്രോത്സാഹിപ്പിക്കാനും വന്നില്ല. കൊവിഡ് വിതച്ച സാമ്പത്തിക ഞരുക്കം അലോകിനെ പരിശീലിപ്പിച്ച് വലിയ ആളാക്കണമെന്ന വീട്ടുകാരുടെ മോഹത്തിന് വിലങ്ങുതടിയുമാകുന്നു. അഴിയൂർ കോറോത്ത് നാഗഭഗവതി ക്ഷേത്രത്തിന് സമീപത്തെ ഗുരിക്കൾ പറമ്പിൽ രമിഷയുടെ മകനായ അലോക് കൃഷ്ണയുടെ നീന്തൽ സോഷ്യൽ മീഡിയകളിൽ വൈറലാണ്.