
കോഴിക്കോട്: കല്ലുത്താൻകടവ് കോളനി വാസികൾക്ക് ഫ്ലാറ്റ് നിർമിച്ച് നൽകിയതിലൂടെ നഗരത്തിൽ ആവിഷ്ക്കരിച്ച ചേരി നവീകരണ പദ്ധതിക്ക് കോഴിക്കോട് കോർപ്പറേഷന് പുരസ്കാരം. ഇന്ത്യയിൽ വിവിധ മേഖലകളിലെ സദ്ഭരണത്തിന് സ്ക്കോച്ച് ഇന്റർനാഷണൽ നൽകുന്ന 'സ്ക്കോച്ച് ഓർ
ഡർ ഒഫ് മെറിറ്റ് 2020' അവാർഡാണ് കോർപ്പറേഷന് ലഭിച്ചത്. വെള്ളി മെഡലാണ് ലഭിക്കുക. ഇന്ത്യയിലെ 720 സ്ഥാപനങ്ങളിൽ നിന്നുള്ള നോമിനേഷനുകൾ വിവിധ വിഷയങ്ങളിലെ വിദഗ്ധരടങ്ങുന്ന സമിതി പരിശോധിച്ചാണ് കോർപ്പറേഷനെ തിരഞ്ഞെടുത്തത്.ആറുമാസം മുമ്പാണ് നോമിനേഷൻ സമർപ്പിച്ചത്. നാല് ഘട്ടങ്ങളിലായി വിവിധ പ്രസന്റേഷനുകൾക്കും പാനൽ ഡിസ്‌കഷനുകൾക്കും ശേഷമാണ് അന്തിമ ഫലം പ്രഖ്യാപിച്ചത്.
കല്ലുത്താൻ കടവ് ചേരി പരിഷ്‌ക്കരണ പദ്ധതിയാണ് നഗരസഭയെ അവാർഡിന് അർഹമാക്കിയത്. 2019 ഡിസംബറിലാണ് സ്വകാര്യ പങ്കാളിത്തത്തോടെ കോഴിക്കോട് നഗരസഭ 141 ഭവനങ്ങളടങ്ങുന്ന ഫ്ലാറ്റ് സമുച്ചയം പണിത് ഗുണഭോക്താക്കൾക്ക് നൽകിയത്. മുഖ്യമന്ത്രിയായിരുന്നു പദ്ധതി ഉദ്ഘാടനം ചെയ്തത്. തികച്ചും സ്വകാര്യ പങ്കാളിത്തത്തോടെ മനോഹരമായ ഭവന സമുച്ചയം നിർമ്മിക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞത് മാതൃകാപരമാണെന്ന് ജൂറി വിലയിരുത്തി.