മുക്കം: മുക്കം നഗരസഭയിൽ ഇടതുമുന്നണിയ്ക്ക് ഭരണത്തുടർച്ച ഉറപ്പാക്കിയ ലീഗ് വിമത കൗൺസിലർ മുഹമ്മദ് അബ്ദുൽ മജീദിന് നേരെ വധഭീഷണി. 'തന്റെ ഭാര്യയെ വിധവയാക്കുമെന്ന് " പറഞ്ഞുള്ള ശബ്ദസന്ദേശം വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുകയാണ്. മജീദിന്റെ പരാതിയിൽ മുക്കം പൊലീസ് അന്വേഷണം തുടങ്ങി.
ബുധനാഴ്ച വൈകിട്ട് ഇടതുമുന്നണി നേതാക്കൾക്കൊപ്പം വാർത്താസമ്മേളനത്തിനെത്തിയാണ് മജീദ് പിന്തുണ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് വാട്സ് ആപ്പ് ഗ്രൂപ്പുപുകളിൽ വധഭീഷണി പ്രചരിച്ചതെന്നും യൂത്ത് ലീഗിന്റെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം ആദ്യമെത്തിയതെന്നും ഇദ്ദേഹം പറയുന്നു.
ഹനീഫ എന്നൊരാളാണ് ആ ഗ്രൂപ്പിൽ നിന്ന് കെ.എം.സി.സി ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്തത്. അതിൽ അംഗമായ തന്റെ സഹോദരൻ ഇതുശ്രദ്ധയിൽ പെടുത്തിയപ്പോൾ ഹനീഫയെ വിളിച്ചന്വേഷിച്ചു, അയാൾ അപമര്യാദയായി പെരുമാറുകയാണുണ്ടായതെന്നും മജീദ് പറയുന്നു.
മുക്കം നഗരസഭയിലെ മുപ്പതാം ഡിവിഷനായ ഇരട്ടക്കുളങ്ങരയിൽ സ്വതന്ത്രനായി മത്സരിച്ച മജീദ് മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ തോല്പിച്ചാണ് കൗൺസിലിലെത്തിയത്. 33 അംഗ കൗൺസിലിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും 15 വിതം അംഗങ്ങളാണ്. എൻ.ഡി.എയുടെ രണ്ട് അംഗങ്ങൾ ഒരു മുന്നണിയെയും പിന്തുണയ്ക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.