kunnamangalam-news
മിനിയേച്ചർ തെയ്യങ്ങളുമായി ഭാസ്കരൻ

കുന്ദമംഗലം: ഉത്സവച്ചമയങ്ങളും തിറയാട്ടങ്ങളും കൊവിഡിൽ കുരുങ്ങി നിശ്ചലമായപ്പോൾ അതി ജീവനത്തിനായി കെട്ടിയാടിയ തെയ്യക്കോലങ്ങളെ പാഴ്വസ്തുക്കളാൽ പുനർ നിർമ്മിക്കുകയാണ്

കെ.സി ഭാസ്കരൻ എന്ന തെയ്യം കലാകാരൻ. യഥാർത്ഥ തെയ്യങ്ങളെ വെല്ലുന്നവയാണ് ഭാസ്കരന്റെ കരവിരുതിൽ പുനർജനിക്കുന്ന മിനിയേച്ചർ തെയ്യങ്ങൾ.

നി‌ർദ്ധനനും രോഗിയുമായ ഭാസ്കരന് ദൈനംദിന ചെലവുകൾക്കുള്ള ഏക വരുമാന മാർഗ്ഗമാണ് ഇത്. കൊവിഡ് ഉത്സവങ്ങളെയും തിറയാട്ടങ്ങളെയും ലോക്ഡൗണിലാക്കിയപ്പോൾ മുഴുപട്ടിണിയിലായ അനവധി തെയ്യംകലാകാരന്മാരിലൊരാളാണ് എകരൂൽ സ്വദേശി തെക്കെകുന്നുമ്മൽ ഭാസ്കരൻ. തിറയാട്ടങ്ങളുടെ അണിയറ ജോലിക്കാരനായ ഈ എഴുപത്തിനാലുകാരൻ കുരുത്തോലയിലും വാഴപ്പോളയിലും നിർമ്മിക്കുന്ന കലാരൂപങ്ങളും കവാടങ്ങളും ആരേയും അതിശയിപ്പിക്കുന്നതാണ്. അയ്യപ്പൻവിളക്ക് ഉത്സവ സീസണുകളിൽ ഭാസ്കരനെ തേടി ആളുകൾ വീട്ടിലെത്തുമായിരുന്നു.

ഇതെല്ലാം പാരമ്പര്യമായി ലഭിച്ച സിദ്ധികളാണെന്നാണ് ഭാസ്കരൻ പറയുന്നത്. തേങ്ങകൊണ്ടും ചിരട്ടകൊണ്ടും കലാരൂപങ്ങൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും മിനിയേച്ചർ തെയ്യങ്ങളിൽ പരീക്ഷണം നടത്തുന്നത് ആദ്യമാണ്. ആഴ്ചകളോളം പണിപ്പെട്ടാണ് കുട്ടിച്ചാത്തന്റെയും നാഗകാളിയുടെയും തിറരൂപങ്ങളുണ്ടാക്കുന്നത്. മിനിയേച്ചർ തെയ്യങ്ങളുടെ ആടയാഭരണങ്ങൾ നിർമ്മിക്കുവാനാണ് ഏറെ പ്രയാസം.