കൊയിലാണ്ടി: എൽ.ഡി.എഫിലെ സുധ കിഴക്കേപ്പാട്ട് കൊയിലാണ്ടി നഗരസഭയുടെ അടുത്ത ചെയർപേഴ്സണാവും. മുൻ ചെയർമാൻ കെ.സത്യൻ വൈസ് ചെയർമാനുമാവും.
നഗരസഭാ എൽ ഡി എഫ് കമ്മിറ്റിയിലാണ് സ്ഥാനാർത്ഥികൾ സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. സി.പി.എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗവും ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ബ്രാഞ്ച് സെക്രട്ടറിയുമായ സുധ കിഴക്കേപ്പാട്ട് പതിനാലാം വാർഡായ പന്തലായനി സെൻട്രലിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റി അംഗവും കൊയിലാണ്ടി സെൻട്രൽ മേഖലാ സെക്രട്ടറിയുമാണ്. ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ എസ് എസ് ജി ചെയർപേഴ്സണുമാണ്. 28 നാണ് സ്ഥാനാരോഹണം.
2010 - 15 കാലത്ത് പുത്തലത്തുകുന്ന് (12-ാം ഡിവിഷൻ) കൗൺസിലറായിരുന്നു. ഭർത്താവ് ജയരാജൻ സ്വകാര്യ ആയുർവേദ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു. മക്കൾ ആദർശ് മംഗലാപുരത്ത് ഐ ടി എൻജിനിയറാണ്. മകൾ അനശ്വര പി ജി വിദ്യാർത്ഥിനിയും.
കഴിഞ്ഞ 5വർഷം നഗരസഭയുടെ ചെയർമാനായി കൊയിലാണ്ടിയുടെ മുഖച്ഛായ മാറ്റിയ നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത മികച്ച ഭരണാധികാരിയെന്ന അംഗീകാരവുമായാണ് വൈസ് ചെയർമാനായി അഡ്വ. കെ സത്യൻ ചുമതലയേൽക്കുന്നത്. ബാലസംഘം പ്രവർത്തകനായാണ് കെ. സത്യൻ പൊതുരംഗത്തേക്ക് കടന്ന് വന്നത്. തുടർന്ന് എസ്.എഫ്.ഐ യുടെ ഭാരവാഹിയായി. ഡി വൈ എഫ് ഐ മേഖലാ ഭാരവാഹിയായും ബ്ലോക്ക് പ്രസിഡന്റായും ജില്ലാ കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചു. സി പി എം ലോക്കൽ കമ്മിറ്റി അംഗമായും സെക്രട്ടറിയായും പ്രവർത്തിച്ചു.
ഇപ്പോൾ സി പി എം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗമാണ്.
കൊയിലാണ്ടി ബാറിലെ പ്രമുഖ അഭിഭാഷകരിൽ ഒരാളായ സത്യൻ 6 വർഷം കൊയിലാണ്ടിയില പബ്ലിക് പ്രോസിക്യൂട്ടറായും പ്രവർത്തിച്ചു. ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ പ്രസിഡന്റ്, കർഷകസംഘം ഏരിയാ കമ്മിറ്റി അംഗം, പുരോഗമന കലാ സാഹിത്യസംഘം മേഖലാ പ്രസിഡന്റ്, കൊയിലാണ്ടി പബ്ലിക് ലൈബ്രറി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കഴിഞ്ഞ 5 വർഷം ജില്ലയിലെ നഗരസഭ ചെയർമാന്മാരുടെ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.