കോഴിക്കോട്: ടൗൺ ഹാൾ റോഡിന്റെ ഇരുവശവും സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് സ്ഥിരമായതോടെ കാൽനടക്കാർക്ക് കഠിനമായി യാത്ര. വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലൂടെ ജീവൻ പണയം വെച്ചാണ് കാൽനടയാത്രക്കാർ സഞ്ചരിക്കുന്നത്. ടൗൺഹാൾ റോഡ് മുതൽ രണ്ടാം ഗേറ്റ് വരെയുള്ള ഭാഗങ്ങളിലാണ് അനധികൃത പാർക്കിംഗ്. പലദിവസവും രണ്ടാം ഗേറ്റ് ബസ് സ്റ്റോപ്പിന്റെ മുന്നിൽ വരെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥിതിയാണ്. കാറുകളടക്കം റോഡിൽ തോന്നിയ പോലെ നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിനും കാരണമാകുന്നു. ചിലർ രാവിലെ പാർക്ക് ചെയ്യുന്ന വാഹനം വൈകീട്ടാണ് മാറ്റുന്നത്. പാലാഴി, ഫറോക്ക്, മെഡിക്കൽ കോളേജ്, സിവിൽ സ്റ്റേഷൻ ഭാഗത്തേക്കുള്ള സ്വകാര്യബസുകൾ ഈ റൂട്ടിലൂടെയാണ് സർവീസ് നടത്തുന്നത്. വൈകീട്ടാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. ട്രെയിൻ വരുമ്പോൾ ഗേറ്റ് അടച്ചാൽ റോഡ് നിറയെ വാഹനങ്ങളാണ്. മിഠായിതെരുവിലെ വ്യാപാരികൾക്കും ഗതാഗതക്കുരുക്ക് തലവേദനയായിട്ടുണ്ട്.