പേരാമ്പ്ര: പേരാമ്പ്രയിലെ മുസ്ലീംലീഗ് പ്രവർത്തകനും മത്സ്യവ്യാപാരിയുമായ ബൈത്തുൽ ഇസയിൽ പി.സി. ഇബ്രായിയുടെ വീടിന് നേരെ ബോംബേറ്. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സ്‌ഫോടനത്തിൽ വീടിന്റെ മുൻവശത്തെ ചുമരും ജനലും തകർന്നു. ഇബ്രായിയും ഭാര്യയും ഭാര്യമാതവുമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. സ്‌ഫോടക വസ്തു എറിഞ്ഞ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ഇബ്രാഹിമിന്റെ 68 വയസുള്ള ഭാര്യാ മാതാവ് പരുക്കേല്ക്കാതെ രക്ഷപ്പെട്ടു. വീട് മൊത്തം കുലുങ്ങിയതായി വീട്ടുകാർ പറഞ്ഞു. പേരാമ്പ്ര പൊലീസ് ഇൻസ്പക്ടർ കെ. സുമിത്ത്കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി പരിശോധന നടത്തി. സ്‌ഫോടനത്തിന് ഉപയോഗിച്ചത് സ്റ്റീൽ ബോംബാണെന്ന് കരുതുന്നു. പയ്യോളിയിൽ നിന്ന് ഡോഗ് സ്‌ക്വാഡും വടകര നിന്ന് ബോംബ് സ്‌ക്വാഡും എത്തി പരിശോധന നടത്തി. അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട് .