
കോഴിക്കോട്: ''ശാരുതിക്ക് 22 വയസല്ലേയുള്ളൂ പഞ്ചായത്ത് പ്രസിഡന്റൊക്കെ ആവാൻ പറ്റുമോ?" എന്ന് സംശയിച്ചവർക്ക് നാടും ഇടതുമുന്നണിയും നൽകിയ മറുപടിയാണ് ഒളവണ്ണയെ നയിക്കാൻ ശാരുതി മതിയെന്ന തീരുമാനം.
കൊവിഡ് പ്രതിസന്ധിയിൽ നാടിന് തണലായ ഡി. വൈ. എഫ്. ഐ പ്രവർത്തക. അഭിഭാഷക വിദ്യാർത്ഥിനി. റേഷൻകട ഉടമയ്‌ക്ക് കൊവിഡ് ബാധിച്ചപ്പോൾ കട ഏറ്റെടുത്ത് നടത്തി. പഞ്ചായത്ത് ആവശ്യപ്പെട്ടപ്പോൾ കൊവിഡ് സെന്ററിൽ രോഗികളെ പരിചരിച്ചു. സഞ്ചാരം റോയൽ എൻഫീൽഡ് ബുള്ളറ്റിൽ. ഒന്നാം വാർഡായ ഇരിങ്ങല്ലൂരിൽ 574 വോട്ടിന്റെ ഭൂരിപക്ഷം. പോൾ ചെയ്ത വോട്ടിന്റെ 55 ശതമാനവും നേടി. രണ്ടാമതെത്തിയ സ്ഥാനാർത്ഥിക്ക് 390 വോട്ട് മാത്രം.
നാട്ടുകാരും പാർട്ടിയും അർപ്പിച്ച വിശ്വാസത്തിന്റെ കരുത്തിൽ പഞ്ചായത്ത് പ്രസിഡന്റാകാൻ തയ്യാറെടുക്കുന്ന ശാരുതി 22 വയസിൽ ഒരു പെൺകുട്ടിക്ക് എന്തൊക്കെ പറ്റും എന്ന് ലോകത്തിന് കാട്ടിക്കൊടുക്കുകയാണ്. നാടിന്റെ വികസനം, ക്ഷേമ പ്രവർത്തനം, സ്ത്രീ ശാക്തീകരണം എന്നീ കാര്യങ്ങളിലെല്ലാം ശക്തമായ കാഴ്ചപ്പാട് ശാരുതിക്കുണ്ട്. നാട്ടുകാർ വോട്ടിലൂടെ നൽകിയ പിന്തുണ വളരെ ഉത്തരവാദിത്വത്തോടെയാണ് ശാരുതി കാണുന്നത്.
ഒളവണ്ണയിലെ ശാരുതിയുടെ സേവനം ലോകത്തെ ആദ്യമായി അറിയിച്ചത് കേരളകൗമുദിയാണ്.
തിരഞ്ഞെടുപ്പ് കാലത്ത് ഏറെ വിമർശനങ്ങൾ ശാരുതിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. കൊവിഡ് കാലത്ത് റേഷൻകടയിലെ പ്രവർത്തനങ്ങൾ നാടകമാണെന്ന് പലരും പ്രചരിപ്പിച്ചു. ബുള്ളറ്റിൽ സഞ്ചരിച്ച് വോട്ട് തേടുന്നതിനെ പരിഹസിച്ചം. അവർക്ക് മുന്നിലൂടെ ബുള്ളറ്റിൽ തന്നെ യാത്രചെയ്ത് വോട്ട് തേടി സ്ത്രീ കരുത്ത് കാട്ടി.
" വളരെ വേഗം നഗരവത്കരിക്കപ്പെടുന്ന ഗ്രാമപഞ്ചായത്താണ് ഒളവണ്ണ. തുടർച്ചയായി ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തിന്റെ വികസന പദ്ധതികൾ തുടരാനാണ് ആദ്യപരിഗണന. മുഴുവൻ മെംബർമാരുടെയും പാർട്ടിയുടെയും സഹകരണത്തോടെ പഞ്ചായത്തിന്റെ എല്ലാ മേഖലകളിലും വികസനം എത്തിക്കും. തരിശ് രഹിത ഗ്രാമപഞ്ചായത്താക്കി ഒളവണ്ണയെ മാറ്റും. സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിനായി പദ്ധതികൾ നടപ്പാക്കും"
ശാരുതി. പി