മുക്കം: താമരശ്ശേരിചുരത്തിന് ബദലായി നിർമ്മിക്കുന്ന ആനക്കാംപൊയിൽ -കള്ളാടി -മേപ്പാടി തുരങ്കപാതയുടെ സർവെ നടപടികൾ പൂർത്തിയായി. പദ്ധതി നിർവഹണ ഏജൻസിയായ കൊങ്കൺ റെയിൽവേ കോർപറേഷന്റെ 12 അംഗസംഘമാണ് സർവെ നടത്തിയത്. അതെസമയം പദ്ധതി രൂപരേഖ (ഡി.പി.ആർ) തയ്യാറാക്കുന്ന പ്രവൃത്തി കെ.ആർ.സി.എൽ ആരംഭിച്ചു. അലൈൻമെന്റ് അംഗീകാരത്തിനു ശേഷം ഡി.പി.ആർ സർക്കാരിന് സമർപ്പിക്കും.ഡി.പി.ആർ പൂർത്തിയായാലേ പദ്ധതി ചെലവ് വ്യക്തമാകൂ. 'കിറ്റ്‌കോ'യുടെ പരിസ്ഥിതി ആഘാത പഠനവും തുടങ്ങി. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ കണ്ടെത്തിയ സ്വർഗംകുന്ന്- മീനാക്ഷി ബ്രിഡ്ജ് അലൈൻമെന്റിൽ തുരങ്കത്തിന് എട്ട് കിലോമീറ്റർ നീളമുണ്ടാവും.
തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലിനടുത്തുള്ള സ്വർഗംകുന്നിൽ നിന്ന് ആരംഭിച്ച് വയനാട്ടിലെ കള്ളാടിയിൽ അവസാനിക്കുന്ന തുരങ്കപാത മലബാറിന്റെ വികസനത്തിന് ഗതിവേഗം കൂട്ടുമെന്നാണ് പ്രതീക്ഷ. വനഭൂമി നഷ്ടപ്പെടുത്താതെ ആറര കിലോമീറ്റർ മല തുരന്ന് രണ്ടു വരിയായി തുരങ്കവും തുരങ്കത്തെ ബന്ധിപ്പിച്ച് രണ്ട് വരി സമീപന റോഡും കുണ്ടൻതോടിൽ 70 മീറ്റർ നീളത്തിൽ രണ്ടുവരി പാലവും നിർമിക്കുന്നതാണ് പദ്ധതി. 658 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി സർക്കാർ അനുമതി നൽകിയത്. ഒരു കിലോമീറ്റർ പാത നിർമിക്കാൻ 150 കോടി രൂപയാണ് ചെലവ് . മൂന്ന് വർഷം കൊണ്ട് പ്രവൃത്തി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ബദൽ റോഡെന്ന ആവശ്യത്തിന് അനവധിവർഷത്തെ പഴക്കമുണ്ട്. തിരുവമ്പാടി,ഏറനാട്,വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങളിലെ ജനങ്ങൾക്ക് വയനാടുമായി എളുപ്പം ബന്ധപ്പെടുന്നതിനും ബദൽ റോഡ് പ്രയോജനപ്പെടും. തിരുവമ്പാടിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിനും ടൂറിസം മേഖലയുടെ വികസനത്തിനും തുരങ്ക പാത സഹായകമാവും.
''അലൈൻമെന്റ് അംഗീകാരത്തിനായി പൊതുമരാമത്തുവകുപ്പ് റോഡ്‌സ് വിഭാഗം മുഖേന സർക്കാരിന് സമർപ്പിക്കാനുള്ള നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കയാണ്.'' -ജോർജ് എം.തോമസ് എം.എൽ.എ