കോഴിക്കോട് / കൽപ്പറ്റ: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആഭിമുഖ്യത്തിൽ ഭാവി കേരള അഭിപ്രായ രൂപീകരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കേരള പര്യടനം ഇന്ന് കോഴിക്കോട്ടും വയനാടും എത്തും. രാവിലെ പത്തിന് കോഴിക്കോട് കാരപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലയിലെ വിവിധ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികളുമായി മുഖ്യമന്ത്രി സംവദിക്കും. വൈകിട്ട് നാലിന് കൽപ്പറ്റ പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ നടക്കുന്ന പരിപാടിയിൽ വിവിധ മേഖലകളിലെ പ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. സാമൂഹ്യ സംഘടന പ്രതിനിധികൾ, വ്യാപാരി വ്യവസായികൾ, പ്രൊഫഷണലുകൾ, അഭിഭാഷകർ, ഡോക്ടർമാർ, ആർക്കിടെക്ടുകൾ തുടങ്ങി ക്ഷണിക്കപ്പെട്ടവരാകും ഇരു പരിപാടികളിലും പങ്കെടുക്കുക. വിശിഷ്ടാതിഥികളുടെ നിർദ്ദേശങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകും. കോഴിക്കോട് ജില്ലയിലെ പര്യടനത്തിന് ശേഷമായിരിക്കും മുഖ്യമന്ത്രി വയനാട്ടിലെത്തുക.