മാനന്തവാടി: മാനന്തവാടി നഗരസഭയിൽ സ്ഥാനങ്ങളെ ചൊല്ലി യു.ഡി.എഫിൽ തർക്കം.

തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിയിൽ ലീഗിന് മൂന്ന് സീറ്റുകൾ ലഭിച്ചിരുന്നു. ഈ സീറ്റുകളാണ് യു.ഡി.എഫിന് ഭരണം തിരിച്ച് പിടിക്കുന്നതിന് സഹായകമായത്. ഈ സാഹചര്യത്തിൽ വൈസ് ചെയർമാൻ പദവിയും, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനവും ലീഗ് ആവശ്യപ്പെട്ടു. എന്നാൽ 2010 ൽ യു.ഡി.എഫ് മാനന്തവാടി ഗ്രാമ പഞ്ചായത്ത് ഭരിച്ചപ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനം കോൺഗ്രസ്സിനായിരുന്നു എന്ന അവകാശവാദം ഉന്നയിച്ച് ലീഗിന്റ് ആവശ്യം നിരാകരിക്കുകയായിരുന്നു.

മാനന്തവാടിയിൽ നഗരസഭ ഭരണം നഷ്ടപ്പെട്ടത് സി.പി.എമ്മിന് അപ്രതീക്ഷിതമായിരുന്നു. ഈ പശ്ചാത്തലത്തിൽ സി.പി.എം നേതൃത്വം ലീഗിന്റെ പ്രാദേശിക നേതാക്കളുമായി ചർച്ച നടത്തിയതായി പറയപ്പെടുന്നു. തങ്ങളുടെ ആവശ്യം കോൺഗ്രസ്സ് നിരാകരിച്ചതിനാൽ എൽ.ഡി.എഫിന് പിന്തുണ നൽകുന്ന കാര്യം ലീഗ് ജില്ലാ നേതൃത്വത്തിനെ ധരിപ്പിക്കുകയും ചെയ്തിരുന്നു. പ്രാദേശിക തലത്തിൽ തീരുമാനമെടുക്കാനാണ് നേതൃത്വം നിർദ്ദേശം നൽകിയത്.

എന്നാൽ പാർലിമെന്ററി പാർട്ടി ചേർന്ന ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് കോൺഗ്രസ്. ലീഗിന്റ് ആവശ്യങ്ങൾ കോൺഗ്രസ്സ് നിരാകരിക്കുന്ന പക്ഷം വരും ദിവസങ്ങളിൽ വലിയ ഒരു രാഷ്ട്രീയ വിവാദങ്ങളായിരിക്കും മാനന്തവാടി നഗരസഭയിൽ.