വടകര: ബോണറ്റിൽ കുടുങ്ങിയ യുവാവുമായി കാർ കുതിച്ച് പാഞ്ഞു. വടകര കോടതി പരിസരം മുതൽ സെന്റ് ആന്റണീസ് സ്‌കൂൾ വരെയുള്ള റോഡിൽ ട്രാഫിക്ക് വൺവേ തെറ്റിച്ചാണ് കാർ കുതിച്ച് പാഞ്ഞത്. കാറിൽ അള്ളിപ്പിടിച്ചു കിടന്ന യുവാവ് കോൺവെന്റ് റോഡിൽ എത്തിയപ്പോൾ തെറിച്ച് വീണ് നിസാര പരിക്കോടെ രക്ഷപ്പെട്ടു.
കുഞ്ഞുമായി ബന്ധപ്പെട്ട് കുടുംബ കോടതിയിലെത്തിയ തർക്കമാണ് സംഭവത്തിന് ഇടയാക്കിയത്.
കോടതിയിൽ കുട്ടിയുടെ സംരക്ഷണ അവകാശ കേസ് വിധി പറയൽ മാറ്റിയതോടെയാണ് കുഞ്ഞുമായി പിതാവ് പോകുന്നത് തടയാൻ അമ്മാവൻ കാർ തടഞ്ഞത്.
എന്നാൽ പിതാവ് വാഹനം മുന്നോട്ടെടുത്തതോടെ അമ്മാവൻ ബോണറ്റിൽ കുടുങ്ങുകയായിരുന്നു. കോഴിക്കോട്ടുകാരാണ് പരാതിക്കാരും എതിർകക്ഷികളും. കോഴിക്കോട് കുടുംബ കോടതി അവധിയായതിനാലാണ് കേസ് വടകര കുടുംബ കോടതിയിലേക്ക് മാറ്റിയത്.
തെറിച്ചുവീണു പരിക്കേറ്റ അമ്മാവൻ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പൊലീസിൽ പരാതി നൽകി. കുട്ടിയുടെ പിതാവ് ഉപയോഗിച്ചിരുന്നത് വാടയ്‌ക്കെടുത്ത കാറായതിനാൽ വാഹന ഉടമയോട് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്