പേരാമ്പ്ര: റോഡ് പ്രവൃത്തി പൂർത്തീകരിക്കുന്നതിന് മുമ്പുതന്നെ പൊട്ടിപ്പൊളിഞ്ഞതായി പരാതി . ചെറുവണ്ണൂർ പഞ്ചായത്ത് ഏഴാം വാർഡിലെ വളയിലോട്ട് കാവിന് സമീപമുള്ള കുന്നുമ്മൽ കണ്ടി - കേളോത്ത് താഴ റോഡ്, ആയോൽപ്പടിക്ക് സമീപമുള്ള പുത്തൻപുരയിൽ - വെങ്കല്ലിൽ താഴ റോഡ് എന്നിവയാണ് പ്രവർത്തി പൂർത്തീകരിക്കുന്നതിന് മുമ്പുതന്നെ പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായത്. ഇവ നന്നാക്കണമെന്ന് സംഗമം കലാസാംസ്കാരിക വേദി ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
കുന്നുമ്മൽ കണ്ടി - കേളോത്ത് താഴ റോഡിന് 825000 രൂപയും പുത്തൻപുരയിൽ - വെങ്കല്ലിൽ താഴ റോഡിന് 438000 രൂപയുമാണ് വകയിരുത്തിയത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്ത് കരാർ പണി കൊടുത്തത്.എന്നാൽ എഞ്ചിനീയറുടെയും ഓവർസിയറുടെയും സാന്നിധ്യത്തിൽ നടക്കേണ്ട പ്രവർത്തികൾ കരാറുകാർ സ്വന്തം താൽപ്പര്യപ്രകാരം എസ്റ്റിമേറ്റ് പോലും ഗൗനിക്കാതെയാണ് നടത്തിയിട്ടുള്ളതെന്നാണ് സംഗമം പ്രവർത്തകർ ആരോപിക്കുന്നത്.
റോഡുകൾ എസ്റ്റിമേറ്റ് പ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പുതുക്കിപ്പണിത് ഗതാഗതയോഗ്യമാക്കണമെന്ന് സംഗമം കലാസാംസ്കാരിക വേദി ആവശ്യപ്പെട്ടു. യോഗത്തിൽ കെ.പി. ബിവിൻ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഷൈജു പിലാറത്ത്, സി.ഹരിലാൽ, ടി.പി. ഷിജുകുമാർ, പി.എ ബിജിലേഷ്.തുടങ്ങിയവർ പ്രസംഗിച്ചു.