കണ്ണൂർ: യാത്രക്കാരുടെ നടുവൊടിക്കുന്ന പാതാളക്കുഴികൾക്ക് വിടചൊല്ലി കണ്ണൂരിലെ ദേശീയപാത ഹൈടെക് ആകും. അതിനൂതന സാങ്കേതിക വിദ്യയായ കോൾഡ് മില്ലിംഗ് ജോലികളാണ് താഴെ ചൊവ്വ മുതൽ മേലെ ചൊവ്വ വരെ തുടങ്ങുന്നത്. നടാൽ മുതൽ കൊടുവള്ളി വരെ കോൾഡ് മില്ലിംഗ് ജോലികൾ പൂർത്തിയായിരുന്നു. ഇവിടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.
ആലപ്പുഴയിൽ പരീക്ഷിച്ച് വിജയിച്ച ജർമ്മൻ സാങ്കേതിക വിദ്യയാണ് കോൾഡ് മില്ലിംഗ്. നിലവിലെ ടാറിംഗ് കിളച്ചെടുത്ത് പുനരുപയോഗിക്കുന്നതാണ് പ്രവൃത്തി. ഇതിലൂടെ റോഡ് പണിക്ക് ആവശ്യമായ 85 ശതമാനം അസംസ്‌കൃത വസ്തുക്കളും ലാഭിക്കാം. മറ്റ് അസംസ്‌കൃത വസ്തുക്കളോടൊപ്പം സിമന്റ് മിശ്രിതം കൂടി ചേർക്കുന്നുവെന്ന പ്രത്യേകതയും പുതിയ സാങ്കേതിക വിദ്യക്കുണ്ട്. സിമന്റ് ഉറക്കാൻ 24 മണിക്കൂറാണ് വേണ്ടത്.
ഗതാഗത നിയന്ത്രണം
കോൾഡ് മില്ലിംഗിന്റെ ഭാഗമായി നഗരത്തിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ണൂരിൽ നിന്ന് തലശേരി, കോഴിക്കോട്, കൂത്തുപറമ്പ്, മട്ടന്നൂർ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങളെ നിലവിലുള്ള റോഡിന്റെ വലത് വശത്തുകൂടി കടത്തിവിടും. തലശേരി, കൂത്തുപറമ്പ് ഭാഗങ്ങളിൽ നിന്ന് കണ്ണൂരിലേക്കുള്ള വാഹനങ്ങൾ തോട്ടട ജെ.ടി.എസിനു മുന്നിലൂടെ കുറുവ, സിറ്റി, പ്രഭാത് ജംഗ്ഷൻ വഴി നഗരത്തിലെത്തണം.
പയ്യന്നൂർ ഭാഗത്തേക്കുള്ള ബസുകളൊഴികെയുള്ള വാഹനങ്ങൾ പ്രഭാത് ജംഗ്ഷൻ, ചാലാട് ഗേറ്റ്, വളപട്ടണം വഴി ദേശീയപാതയിൽ പ്രവേശിക്കണം. തളിപ്പറമ്പ് ഭാഗത്തു നിന്ന് തലശേരി ഭാഗത്തേക്ക് പോകേണ്ട ചരക്ക് വാഹനങ്ങൾ വളപട്ടണം, ടോൾ പ്ളാസ, കാട്ടാമ്പള്ളി പാലം, മയ്യിൽ, ചാലോട് വഴി പോകണം. മട്ടന്നൂരിൽ നിന്ന് കണ്ണൂരിലേക്കുള്ള ബസ്സുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിനടുത്ത് നിന്ന് വലത്തോട്ട് തിരിഞ്ഞ് കെ.എസ്.ഇ.ബി സബ്‌സ്റ്റേഷൻ റോഡിലൂടെ കക്കാട് വഴി തെക്കിബസാറിലെത്തി ദേശീയപാതയിൽ പ്രവേശിക്കണം.