8
നിഹാരിക

കുറ്റ്യാടി: ആകാശത്തിന്റെ ആഴങ്ങളിലേക്ക് പറക്കുന്ന പേടകങ്ങളിൽ ഇനി മലയോരത്തിന്റെ കൈയൊപ്പ് പതിയും. കുറ്റ്യാടിക്കാരിയായ നിഹാരിക രാജന് ഐ.എസ്.ആർ.ഒയുടെ മഹേന്ദ്രഗിരിയിലുള്ള ഐ.പി.ആർ.സി കേന്ദ്രത്തിൽ ശാസ്ത്രജ്ഞയായി നിയമനം ലഭിച്ചു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട യൂണിറ്റാണ് ഐ.പി.ആർ.സി. ബഹിരാകാശ പര്യവേഷണത്തിനാവശ്യമായ ക്രയോജനിക് എൻജിനുകൾ,ലോഞ്ച് വെഹിക്കിൾസ് തുടങ്ങിയവയുടെ നിർമ്മാണം അസംബ്ലിംഗ് എന്നിവ ഈ കേന്ദ്രത്തിലാണ് പ്രധാനമായും നടക്കുന്നത്. 2014 മുതൽ രാജ്യത്തെ ബഹിരാകാശ ഗവേഷണ രംഗത്ത് നിർണായക സ്ഥാനം വഹിക്കുന്ന സ്ഥാപനത്തിൽ ശാസ്ത്രജ്ഞയാകുന്നതിലൂടെ അഭിമാനാർഹമായ നേട്ടമാണ് ഈ നാട്ടിൻപുറത്തുകാരി സ്വന്തമാക്കിയിരിക്കുന്നത്. കുറ്റ്യാടിയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച നിഹാരിക കുറ്റ്യാടി കെ.ഇ.ടി പബ്ലിക്ക് സ്കൂൾ, ബി.ഇ.എം.എച്ച്.എസ്.എസ് എന്നിവിടങ്ങളിലായിരുന്നു പ്ലസ്ടു വരെ പഠിച്ചിരുന്നത്. തുടർന്ന് ഐ.ഐ.എസ്.ടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ് ആൻഡ് ടെക്നോളജി )യിൽ നിന്ന് എയ്റോസ് സ്പെയ്സ് എൻജിനിയറിംഗിൽ ബി.ടെക്ക് ബിരുദം നേടി. കുറ്റ്യാടി സി.ഗേറ്റ് നടത്തിയ പ്രതിഭാ പോഷണ പദ്ധതിയായ (സി.ഡി.സി 2008 ബാച്ചിൽ അംഗമായിരുന്ന നിഹാരിക സ്‌കൂൾ പഠന കാലത്ത് തന്നെ മികവുനേടിയ വിദ്യാർത്ഥിനിയായിരുന്നു.

കോഴിക്കോട് സെൻട്രൽ എക്സൈസ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥനായ ഊരത്തെ ബാപ്പറ്റ മീത്തൽ

രാജൻ-ലിഷ ദമ്പതികളുടെ മകളാണ്. സഹോദരി അനഹിത. നിഹാരികയുടെ അത്യപൂർവമായ നേട്ടത്തിന്റെ സന്തോഷത്തിലാണ് ഗ്രാമവാസികൾ.