mayor

കോഴിക്കോട് : നഗരവാസികളെ ഒറ്രച്ചങ്ങലയിലെ കണ്ണികളായി കണ്ട് നഗരഭരണം മുന്നോട്ടു കൊണ്ടുപോകുമെന്ന് കോഴിക്കോട് കോർപ്പറേഷന്റെ പുതിയ മേയറായി ചുമതലയേറ്റ ഡോ. ബീന ഫിലിപ്പ് വ്യക്തമാക്കി. കക്ഷിരാഷ്ട്രീയം മറന്ന് ഒരുമിച്ച് നഗരത്തെ മുന്നോട്ട് നയിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

ക്രിയാത്മകവും സത്യസന്ധവുമായ വിമർശനങ്ങൾ ജനാധിപത്യത്തിന് കരുത്തേകും. അത്തരം വിമർശനങ്ങൾ നല്ല മനസ്സോടെ സ്വീകരിക്കും. നഗരവികസനത്തിനുള്ള കാഴ്ചപ്പാടിലെന്ന പോലെ പ്രവർത്തനത്തിലും പാളിച്ചകളുണ്ടായാൽ അതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും സ്വീകരിക്കും.

നഗരഭരണം എന്നതു തുടർച്ചയാണ്. പെട്ടെന്ന് ഒരാൾ വിപ്ലവം ഉണ്ടാക്കാൻ പോകുന്നില്ല. 24 അംഗങ്ങളിൽ നിന്ന് 75 അംഗങ്ങളിലേക്ക് വളർന്ന കോഴിക്കോട് മുൻസിപ്പൽ കോർപ്പറേഷന്റെ ചരിത്രത്തിലെ ഒരു കണ്ണിയാണ് ഞാൻ.
കഴിഞ്ഞ കൗൺസിൽ ഏറ്റെടുത്ത പ്രവർത്തനങ്ങളുടെ തുടർച്ചയുണ്ടാവും. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും നടപ്പാക്കും. അടിയന്തര സ്വഭാവമുള്ള കാര്യങ്ങൾ തിരഞ്ഞെടുത്ത് എത്രയും വേഗം നടപ്പാക്കുകയാണ് പ്രധാന ദൗത്യം. സ്വന്തമായി ആശയം രൂപീകരിക്കുന്നതിന് പകരം ജനങ്ങളുമായി സംവദിച്ച് അവരുടെ അഭിപ്രായം ആരാഞ്ഞും നിർദ്ദേശങ്ങൾ പരിഗണിച്ചുമായിരിക്കും തീരുമാനങ്ങളെടുക്കുക.

കോഴിക്കോടിന്റെ പരമ്പരാഗത സംസ്കാരമാണ് ഈ നഗരത്തെ വേറിട്ടുനിറുത്തുന്നത്. എം.പി മാരുടെയും എം.എൽ.എ മാരുടെയുമെല്ലാം സഹകരണത്തോടെ കോർപ്പറേഷൻ മുൻകൈയെടുത്ത് നഗരത്തിനാവശ്യമായ പദ്ധതികൾ നടപ്പാക്കും. ഖര മാലിന്യ നിർമാർജ്ജനമാണ് അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിലൊന്ന്. അതിനായുള്ള പ്ലാന്റ് നിർമാണം തുടരുകയാണ്. ഫലപ്രദമായി ഈ പദ്ധതി ആരംഭിക്കും. ഞെളിയൻപറമ്പിന്റേതു പോലുള്ള സാഹചര്യം ഇനിയുണ്ടാവാതെ നോക്കും. ജനങ്ങളുടെ വിശ്വാസം ആർജിച്ച്, എല്ലാവരെയും സമന്വയിപ്പിച്ച് മുന്നോട്ടുനീങ്ങാൻ ആവുന്നതെല്ലാം ചെയ്യും.

പതിനഞ്ചാമത്തെ വയസ്സിൽ തൃശൂരിൽ നിന്ന് കോഴിക്കോട്ട് വന്നതാണ് ഞാൻ. ഇവിടെ പഠിച്ചു. ഇവിടെ തന്നെയായി ജോലിയും ജീവിതവും. കോഴിക്കോട്ടുകാരുടെ ഉള്ളിൽ തട്ടിയ സ്നേഹം ഏറെ അനുഭവിക്കാൻ സാധിച്ചിട്ടുണ്ട്.

എല്ലാവരുടെയും പിന്തുണയുണ്ടെന്നതാണ് ഏറ്റവും വലിയ ധൈര്യമെന്നും മേയർ പറഞ്ഞു.