കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിൽ വയനാട് ജില്ലയിൽ 362 ഓളം അധിക ബൂത്തുകൾ ഉണ്ടാവും. കൊവിഡ് പാശ്ചാത്തലത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് കൂടുതൽ പോളിങ് സ്റ്റേഷനുകൾ ഒരുക്കേണ്ടി വരും. ആയിരത്തിൽ കൂടുതൽ വോട്ടർമാർ ഉളള ഇടങ്ങളിൽ അധിക ബൂത്തുകൾ സ്ഥാപിക്കും.

വോട്ടർ പട്ടിക പുതുക്കൽ പൂർണ്ണമാക്കാൻ രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെ സഹകരണം അനിവാര്യമാണെന്ന് വോട്ടർ പട്ടിക നീരിക്ഷകൻ കെ.ഗോപാലകൃഷ്ണ ഭട്ട് പറഞ്ഞു. വോട്ടർ പട്ടിക പുതുക്കുന്ന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി കലക്ടറേറ്റിൽ നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ പ്രത്യേകം ബൂത്ത്തല ഏജന്റിനെ നിയമിക്കുന്ന കാര്യം പരിഗണിക്കണം. വോട്ടർ പട്ടികയുടെ സുതാര്യത ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വോട്ടർ പട്ടികയിൽ പേര് ചേർക്കൽ, തിരുത്തൽ, നീക്കം ചെയ്യൽ എന്നിവ നടത്തുന്നതിന് ഡിസംബർ 31 വരെ അനുവദിച്ചിട്ടുള്ള അവസരം പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണം. പ്രദേശത്തുളള വി.ഐ.പി വോട്ടർമാരുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് നീരിക്ഷകൻ പറഞ്ഞു.

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിൽ പൊതുജനങ്ങൾ നേരിടുന്ന പ്രയാസങ്ങളും സാങ്കേതിക പ്രശ്നങ്ങളും സി.കെ ശശീന്ദ്രൻ എം.എൽ.എയും ഒ.ആർ കേളു എം.എൽ.എയും പങ്കുവെച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വിവിധ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തി.

2021 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയാകുന്നത് അടിസ്ഥാനമാക്കി ഡിസംബർ 31 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കൽ, തിരുത്തൽ, നീക്കം ചെയ്യൽ എന്നിവ ചെയ്യാം. പേര് ചേർക്കലിനും തിരുത്തലുകൾക്കും voterportal.eci.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

യോഗത്തിൽ ജില്ലാ കലക്ടർ ഡോ.അദീല അബ്ദുളള, ഇലക്‌ഷൻ ഡെപ്യൂട്ടി കലക്ടർ കെ.ജയപ്രകാശ്, കെ.റഫീഖ് (സി.പി.എം), പ്രശാന്ത് മലവയൽ (ബി.ജെ.പി), എം.എ.ജോസഫ് (കോൺഗ്രസ്), യഹ്യാഖാൻ തലക്കൽ (ഐ.യു.എം.എൽ) തുടങ്ങിയവർ പങ്കെടുത്തു.