kozhikode-corporation

കോഴിക്കോട് : നഗരത്തിന്റെ വികസനത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കാമെന്ന് ഭരണപക്ഷ പ്രതിപക്ഷ ഭേദമന്യേ കൗൺസിലർമാർ. വിമർശനങ്ങളെ ഉൾക്കൊള്ളണമെന്നും നിർദ്ദേശങ്ങൾ പരിഗണിക്കണമെന്നും പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു.

ക്രിയാത്മകമായ പ്രവർത്തനങ്ങളുമായി ഒരേ മനസോടെ മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് കെ.സി ശോഭിത പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പിഴവുകൾ ചൂണ്ടിക്കാട്ടും. നഗരം നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കേണ്ടതുണ്ട്. മാതൃതുല്യമായ കരുതലോടെ നഗരത്തെ നയിക്കാൻ മേയർക്ക് കഴിയണമെന്ന് ശോഭിത പറഞ്ഞു.

നഗരസഭയുടെ പ്രവർത്തനങ്ങൾക്ക് ബി.ജെ.പി എല്ലാ പിന്തുണയും നൽകുമെന്ന് മേയർ സ്ഥാനാർത്ഥിയായിരുന്ന നവ്യ ഹരിദാസ് പറഞ്ഞു. പിഴവ് ചൂണ്ടിക്കാണിക്കുമ്പോൾ പരിഹരിക്കണമെന്നും നല്ല കോഴിക്കോടിനായി ഒന്നിച്ച് അണിചേരാമെന്നും അവർ പറഞ്ഞു. കെ. മൊയ്തീൻ കോയ, പി.കെ. നാസർ, എൻ.സി മോയൻകുട്ടി, അൽഫോൻസ മാത്യു, എൻ.ശിവപ്രസാദ്, കെ. നിർമല, പി.സി രാജൻ എന്നിവർ സംസാരിച്ചു.