കൽപ്പറ്റ: ജില്ലയിൽ നഗരസഭകളിലെ പുതിയ ഭരണസമിതി ചെയർപേഴ്സൺ, വൈസ്‌ ചെയർപെഴ്സൺ തിരഞ്ഞെടുപ്പ് പൂർത്തിയായി.

കൽപ്പറ്റ നഗരസഭയിൽ മുജീബ് കേയംതൊടി ചെയർമാനായും കെ.അജിത വൈസ്‌ചെയർപെഴ്സണായും തിരഞ്ഞെടുക്കപ്പെട്ടു. ആകെ 28 അംഗങ്ങളുള്ള ഭരണസമിതിയിൽ 15 വോട്ടുകളാണ് ഇരുവർക്കും ലഭിച്ചത്.

മുനിസിപ്പാലിറ്റിയിലെ അഞ്ചാം വാർഡിൽ നിന്നാണ് കേയംതൊടി മുജീബ് വിജയിച്ചത്. കെ. അജിത 15 ാം വാർഡിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. റിട്ടേണിംഗ് ഓഫീസർ എം. സജീറിന്റെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ്.

സുൽത്താൻ ബത്തേരി നഗരസഭയിൽ ടി.കെ. രമേശ് ചെയർമാനായും എൽസി പൗലോസ് വൈസ്‌ചെയർപെഴ്സണായും തിരഞ്ഞെടുക്കപ്പെട്ടു. 33 അംഗങ്ങളുള്ള ഭരണസമിതിയിൽ 22 വോട്ടുകളാണ് ഇരുവർക്കും ലഭിച്ചത്. നഗരസഭയിലെ വാർഡ് 29 ൽ നിന്നാണ് ടി.കെ. രമേശ് വിജയിച്ചത്. വാർഡ് 24 ൽ നിന്നാണ് എൽസി പൗലോസ് തിരഞ്ഞെടുക്കപ്പെട്ടത്. റിട്ടേണിംഗ് ഓഫീസർ ബേസിൽ പോൾ നടപടികൾക്ക് നേതൃത്വം നൽകി.

മാനന്തവാടി നഗരസഭ അദ്ധ്യക്ഷയായി സി.കെ. രത്നവല്ലിയെ തിരഞ്ഞെടുത്തു. പി.വി.എസ്. മൂസ ഉപാദ്ധ്യക്ഷനായി. 36 അംഗ ഭരണ സമിതിയിൽ ഇരുവർക്കും 19 വോട്ടുകൾ വീതം ലഭിച്ചു. പെരുവക ഡിവിഷനിൽ നിന്നാണ് സി.കെ.രത്നവല്ലി തിരഞ്ഞെടുക്കപ്പെട്ടത്. അമ്പുകുത്തി ഡിവിഷനിൽ നിന്നാണ് പി.വി.എസ് മൂസ വിജയിച്ചത്. തിരഞ്ഞെടുപ്പിന് വരണാധികാരി എ.എസ്.ഷീന നേതൃത്വം നൽകി.

ത്രിതല പഞ്ചായത്ത് അദ്ധ്യക്ഷരുടേയും ഉപാദ്ധ്യക്ഷരുടെയും തിരഞ്ഞെടുപ്പ് 30 ന് നടക്കും.