കോഴിക്കോട്: കാപ്പാട് ബീച്ചിന് ബ്ലൂ ഫ്‌ളാഗ് സർട്ടിഫിക്കേഷൻ ലഭിച്ചത് ജില്ലയിൽ അനന്ത സാദ്ധ്യതകൾക്ക് വഴി തുറക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. ബീച്ച് പരിസരത്ത് ഔദ്യോഗികമായി ബ്ലൂ ഫ്ലാഗ് ഉയർത്തിയതിനുശേഷം സംസാരിക്കുകയായിരുന്നു അദേഹം. കാപ്പാട് ബീച്ച് വികസനം സമീപപ്രദേശങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് ഉപകരിക്കും. ഇന്ത്യയിൽ ഈ വർഷം ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ച എട്ട് ബീച്ചുകളുടെ ഔദ്യോഗിക ബ്ലൂ ഫ്ളാഗ് ഉയർത്തൽ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ ഓൺലൈനായി നിർവഹിച്ചു. ഉയർന്ന പാരിസ്ഥിതിക ഗുണനിലവാരത്തെ അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകൾക്കു നൽകുന്ന ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷനാണ് കാപ്പാട് ബീച്ചിനു ലഭിച്ചത്. ഡെൻമാർക്കിലെ ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റ് എഡ്യൂക്കേഷൻ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന ഇക്കോ ലേബലാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ. മാലിന്യമുക്ത തീരം, പരിസ്ഥിതി സൗഹൃദ നിർമ്മിതികൾ, സഞ്ചാരികളുടെ സുരക്ഷ, കടൽ വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിന് നിരന്തരമായ പരിശോധന, സുരക്ഷാ മാനദണ്ഡങ്ങൾ, പരിസ്ഥിതി അവബോധം, ശാസ്ത്രീയ മാലിന്യ സംസ്‌കരണം, ഭിന്നശേഷി സൗഹൃദമായ പ്രവേശനം തുടങ്ങി 33 ബ്ലൂ ഫ്ളാഗ് മാനദണ്ഡങ്ങൾ കടന്നാണ് കാപ്പാട് ബീച്ച് അഭിമാനനേട്ടം കൈവരിച്ചത്. ഡൽഹി ആസ്ഥാനമായുള്ള എ റ്റു ഇസഡ് ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിർമാണ പ്രവൃത്തികൾ നടത്തിയത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഒഫ് ഇന്റഗ്രേറ്റഡ് കോസ്റ്റൽ മാനേജ്മെന്റാണ് ബ്ലൂ ഫ്ളാഗ് സർട്ടിഫിക്കേഷന് കാപ്പാട് ബീച്ചിനെ പരിഗണിച്ചത്. ഇതിന്റെ ഭാഗമായ പ്രവൃത്തികൾക്ക് കേന്ദ്ര സർക്കാർ എട്ട് കോടി രൂപ വകയിരുത്തി. ചടങ്ങിൽ കെ.ദാസൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡി.ടി.പി.സി സെക്രട്ടറി സി.പി ബീന, ജില്ലാ ശുചിത്വമിഷൻ കോ ഓർഡിനേറ്റർ പി.എം സൂര്യ, ചേമഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് അശോകൻ കോട്ട് എന്നിവർ പങ്കെടുത്തു.