കോഴിക്കോട്: ഇടതുപക്ഷ സർക്കാരിന്റെ രാഷ്ട്രീയ നയങ്ങളുടെ വിജയമാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടത്തിൽ പ്രതിഫലിക്കുന്നതെന്ന് എളംമരം കരീം എം.പി പറഞ്ഞു.
കോഴിക്കോട് കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫ് ജനപ്രതിനിധികൾക്ക് മുതലക്കുളം മൈതാനിയിൽ ഒരുക്കിയ സ്വീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടനപത്രിക തയ്യാറാക്കുന്നതിനായി എല്ലാ ജില്ലകളിലും യോഗം സംഘടിപ്പിച്ച് നിർദ്ദേശങ്ങൾ ആരാഞ്ഞിരുന്നു. അവ കൂടി പരിഗണിച്ചാണ് പ്രകടനപത്രിക തയ്യാറാക്കിയത്. സർക്കാർ അധികാരത്തിൽ വന്ന ശേഷം പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളിൽ ഇതിനകം 570 എണ്ണവും നടപ്പാക്കി. നാലു വർഷം തികയുമ്പോൾ തന്നെ പ്രകടന പത്രികയിലെ മുഴുവൻ വാഗ്ദാനങ്ങളും പ്രാവർത്തികമാക്കാനായിരുന്നു ലക്ഷ്യമിട്ടത്. നിരവധി പ്രതിസന്ധികൾക്കിടയിലും നല്ലൊരു പങ്ക് ഇനങ്ങളും നടപ്പിലാക്കിയതാണ് ഇടതുപക്ഷത്തിന് കേരളത്തിലുടനീളം വൻ വിജയം നേടാൻ കഴിഞ്ഞതിനു പിന്നിൽ.
ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ തിരിച്ചടിയേറ്റത് ഐക്യ ജനാധിപത്യ മുന്നണിയ്ക്കാണ്. ബി.ജെ.പിയെ നയിക്കുന്നത് ഫാസിസ്റ്റ് പ്രസ്ഥാനമായ ആർ.എസ്.എസാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ മേയർ ഡോ.ബീന ഫിലിപ്പിനെ രക്തഹാരമണിയിച്ചു. മുൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉപഹാരം നൽകി അനുമോദിച്ചു. പി.മോഹനൻ, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ.മുഹമ്മദ് റിയാസ്, തോട്ടത്തിൽ രവീന്ദ്രൻ , ഡോ.ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, എൽ.ഡി.എഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ് എന്നിവർ സംബന്ധിച്ചു.