കോഴിക്കോട്: ജില്ലയിലെ ഏഴു നഗരസഭകളിലും പുതിയ സാരഥികൾ ചുമതലയേറ്റു. പയ്യോളി, കൊടുവള്ളി, ഫറോക്ക്, രാമനാട്ടുകര എന്നിങ്ങനെ നാലിടത്ത് യു.ഡി.എഫ് ഭരണമാണ്. വടകര, കൊയിലാണ്ടി, മുക്കം എന്നീ മൂന്നു നഗരസഭകളിൽ എൽ.ഡി.എഫും. 33 അംഗ മുക്കം നഗരസഭയിൽ ലീഗ് വിമതന്റെ പിന്തുണയോടെയാണ് എൽ.ഡി.എഫ് അധികാരം നിലനിറുത്തിയത്. ഇവിടെ എൽ.ഡി.എഫിനും യു.ഡി.എഫിനും 15 സീറ്റ് വീതമാണ്. 2 സീറ്റ് ബി.ജെ.പിക്കും.

പയ്യോളി നഗരസഭ ചെയർമാനായി കോൺഗ്രസിലെ വടക്കയിൽ ഷഫീഖ് സത്യപ്രതിജ്ഞ ചെയ്തു. വൈസ് ചെയർപേഴ്‌സണായി മുസ്ലിം ലീഗിലെ സി.പി.ഫാത്തിമയും അധികാരമേറ്റു. കൊടുവള്ളി നഗരസഭ ചെയർമാനായി മുസ്ലിം ലീഗിലെ വെള്ളറ അബ്ദു (വി. അബ്ദുറഹിമാൻ ) ചുമതലയേറ്റു. കോൺഗ്രസിലെ കെ.എം.സുഷിനിയാണ് വൈസ് ചെയർപേഴ്സൺ. ഫറോക്ക് നഗരസഭ ചെയർമാനായി മുസ്ലിം ലീഗിലെ എൻ.സി അബ്ദുൾ റസാഖ് സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസ് അംഗം റീജ വൈസ് ചെയർപേഴ്‌സണായി. രാമനാട്ടുകര നഗരസഭ ചെയർപേഴ്‌സണായി മുസ്ലിംലീഗിലെ ബുഷ്റ റഫീഖ് ചുമതലയേറ്റു. കോൺഗ്രസിലെ കെ സുരേഷ് കുമാറാണ് വൈസ് ചെയർമാൻ. വടകര നഗരസഭ ചെയർപേഴ്‌സണായി സി.പി.എമ്മിലെ കെ.പി ബിന്ദു സത്യപ്രതിജ്ഞ ചെയ്തു. പി.കെ സതീശൻ വൈസ് ചെയർമാനായി. കൊയിലാണ്ടി നഗരസഭ ചെയർപേഴ്‌സണായി സി.പി.എം അംഗം കെ.പി സുധ (സുധ കിഴക്കെപ്പാട്ട്) അധികാരമേറ്റു. മുൻ ചെയർമാനായ സി.പി.എമ്മിലെ തന്നെ അഡ്വ. കെ. സത്യനാണ് വൈസ് ചെയർമാൻ. മുക്കം നഗരസഭ അദ്ധ്യക്ഷനായി സി.പി.എം അംഗം പി.ടി ബാബു സത്യപ്രതിജ്ഞ ചെയ്തു. അഡ്വ.ചാന്ദ്‌നിയാണ് വൈസ് ചെയർപേഴ്‌സൺ.