നാദാപുരം: നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾക്കെതിരെ നാദാപുരം ഗ്രാമ പഞ്ചായത്തിൽ കർശന നടപടികൾ ആരംഭിച്ചു. സർക്കാർ ഉത്തരവ് പ്രകാരം നാദാപുരം പഞ്ചായത്തിൽ ജനുവരി മുതൽ ഒറ്റത്തവണ മാത്രം ഉപഭോഗമുള്ള പ്ലാസ്റ്റിക്ക് വസ്തുക്കൾ പൂർണ്ണമായും നിരോധിച്ചിരുന്നു .പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ, ഡിസ്പോസബിൾ പ്ലേറ്റുകൾ, കപ്പുകൾ, അലങ്കാര വസ്തുക്കൾ, നോൺ വൂവൺ ബാഗുകൾ ,500 മില്ലിക്ക് താഴെയുള്ള കുടിവെള്ള ബോട്ടിലുകൾ മുതലായവ നിരോധിച്ചവയിൽ ഉൾപ്പെടും.

കൂടാതെ പഞ്ചായത്തിലെ കടകളിലും മറ്റ് സ്ഥാപനങ്ങളിലും പരിശോധനകളും നടപടികളും ഉണ്ടായിരുന്നു. ഇതേ തുടർന്ന് സ്ഥാപനങ്ങൾ പ്ലാസ്റ്റിക്ക് ഉപയോഗവും, വില്പനയും നിർത്തിയിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് തുടർ നടപടികൾ നിലച്ചതോടെ നിരോധിത ഉത്പ്ന്നങ്ങൾ വ്യാപകമാകുകായായിരുന്നു. ഇതേ തുടർന്നാണ് പഞ്ചായത്ത് നടപടി പുനരാരംഭിച്ചത്. ഇന്നലെ കല്ലാച്ചി, നാദാപുരം ടൗണുകളിലെ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 15 കിലോയോളം നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു .28000 രൂപ പിഴ ചുമത്തി. റൂബിയാൻ സൂപ്പർ ട്രേഡിംഗ് , മലാല ഹൈപ്പർ മാർട് ,ഇരിട്ടി സൂപ്പർ മാർക്കറ്റ്, റൂബിയാൻ ഹൈപ്പർ മാർക്കറ്റ്, ബിഗ്ഡേ ഹൈപ്പർ മാർക്കറ്റ് ,ദിൽന സൂപ്പർ മാർക്കറ്റ്, ബേക്കേഴ്സ് കോർണർ എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പരിശോധനയിൽ പഞ്ചായത്ത് സെക്രട്ടറി എം.പി. രജുലാൽ ,അസിസ്റ്റന്റ് സെക്രട്ടറി ടി. പ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ.സതീഷ് ബാബു , ജി.ഗിരീഷ് ,മുഹമ്മദ് ഷംനാദ് എന്നിവർ പങ്കെടുത്തു .വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.