1223
ചേനായിക്കടവ്

പേരാമ്പ്ര: കൊയിലാണ്ടി വടകര താലൂക്കുകളെ തമ്മിൽ ബന്ധിച്ച് കുറ്റ്യാടിപ്പുഴക്കുമേൽ എടവരാട്-ചേനായി കടവിൽ പാലം പണിയാനായി സംസ്ഥാന ബജറ്റിൽ തുക വകയിരുത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

കൊയിലാണ്ടി -വടകര താലൂക്കുകൾ തമ്മിലും, പേരാമ്പ്ര-കുറ്റ്യാടി അസംബ്ലി മണ്ഡലങ്ങൾ തമ്മിലും, പേരാമ്പ്ര-വേളം, ചേനായി-വേളംപെരുവയൽ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം.

2016 ലാണ് ചേനായികടവ് പാലം എൽ.ഡി.എഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയത്. തൊഴിൽ-എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്റെ നിർദ്ദേശപ്രകാരം യു.എൽ.സി.സി

പുഴയിലെ പാറപരിശോധന ഉൾപ്പെടെ ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കി പിഡബ്ല്യുഡിയ്ക്ക് സമർപ്പിക്കുകയും ചെയ്തു. തുടർന്ന് പിഡബ്ല്യുഡി ഡിസൈൻ വിഭാഗം 2018 ഡിസംബറിൽ അന്തിമ ഡിസൈനിംഗും പൂർത്തിയാക്കി.

129.40 മീറ്ററുള്ള പാലത്തിന് 26 മീറ്റർ വീതം നീളമുള്ള 3 സ്പാനുകളും 25.70 മീറ്റർ വീതം നീളമുള്ള 2 സ്പാനുകളും ഉൾപ്പെടെ 5 സ്പാനുകളാണുള്ളത്.

7.5 മീറ്റർ ടാറിംഗും 1.5 മീറ്റർ വീതം ഫുട്‌പാത്തുകളും ഉൾപ്പെടെ 10.5 മീറ്ററാണ് പാലത്തിന്റെ വീതി. പേരാമ്പ്ര ഭാഗം 210 മീറ്ററും വേളം ഭാഗം 220 മീറ്ററും ഉൾപ്പെടെ 430 മീറ്ററാണ് അപ്രോച്ച് റോഡിന്റെ നീളം. പിഡബ്ല്യുഡി 2019 ജനുവരിയിൽ 10.8 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചു.

സ്ഥലം ഫ്രീയായി ലഭിക്കുന്ന സ്ഥലങ്ങളിൽ പാലം ലഭിക്കുമെന്ന അധികൃതരുടെ അറിയിപ്പിനെ തുടർന്ന് ആക്ഷൻ കമ്മിറ്റി സ്ഥലമുടമകളുമായി സംസാരിക്കുകയും അവർ ഫ്രീയായി സ്ഥലം വിട്ടുതരാൻ തയ്യാറാവുകയും ചെയ്ത സാഹചര്യത്തിൽ പിഡബ്ല്യുഡി ഒൻപത് കോടി രൂപ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിരിക്കയാണ്.

എസ്റ്റിമേറ്റ് തുകയുടെ 20% ശതമാനമെങ്കിലും ബജറ്റിൽ ഉൾപ്പെടുത്തിയാൽ വർക്ക് ടെണ്ടർ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ആക്ഷൻ കമ്മിറ്റിയുടെ ഇടപെടലുകളെ തുടർന്ന് 2019ലെയും 2020ലെയും ബജറ്റുകളിൽ ചേനായികടവ് പാലത്തിന് ടോക്കൺ സംഖ്യ വകയിരുത്തുകയുണ്ടായി.

കഴിഞ്ഞ 50 വർഷത്തിലധികമായി ഇരു പ്രദേശങ്ങൾ തമ്മിൽ ബന്ധപ്പെടുന്നത് കടത്ത് തോണി വഴിയാണ്. വേളം പുഴയോരം ഉൾപ്പെടെ പ്രദേശത്തെ ജനങ്ങൾക്ക് മഴക്കാലമായാൽ തൊട്ടടുത്ത പട്ടണമായ പേരാമ്പ്രയിലും ചേനായിലും കോഴിക്കോട്ടും എത്തിച്ചേരാൻ തോണിയാത്ര മാത്രമാണ് ആശ്രയം.

ഇരുകരകളിലുമുള്ള വേളം - എടവരാട് പ്രദേശത്തുകാർക്ക് വാഹനം വഴി സഞ്ചരിക്കണെമെങ്കിൽ 12 കിലോമീറ്ററിലധികം സഞ്ചരിക്കണം. പാലം യാഥാർത്ഥ്യമായാൽ വേളം പഞ്ചായത്തിലെ ജനങ്ങൾക്കും പരിസര പ്രദേശത്തുള്ളവർക്കും പേരാമ്പ്രയിൽ എത്തിച്ചേരാനും, വികസനത്തിൽ മുരടിച്ചുകിടക്കുന്ന എടവരാട്-ചേനായിക്കും, വേളം-പെരുവയലിനും വലിയ നേട്ടമാകുന്നതോടൊപ്പം വ്യാപാര രംഗത്ത് പേരാമ്പ്ര പട്ടണത്തിന് മുതൽകൂട്ടാവുകയും ചെയ്യും.