
കോഴിക്കോട്: ലോകത്തെയാകെ പിടിച്ചുകുലുക്കിയ കൊവിഡ് കാലത്തും ഭാരതത്തിന് മുന്നോട്ടുനീങ്ങാനായതും മാതൃക സൃഷ്ടിക്കാനായതും തികഞ്ഞ നിശ്ചയദാർഢ്യത്താലാണെന്ന് ആർ.എസ്.എസ് സർ സംഘചാലക് ഡോ. മോഹൻ ഭാഗവത് പറഞ്ഞു.
ചാലപ്പുറത്ത് കേസരി വാരികയുടെ ആസ്ഥാനമന്ദിരവും മാദ്ധ്യമ പഠനഗവേഷണകേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏതൊരു വിജയത്തിന്റെയും ആധാരം ഉപകരണങ്ങളല്ല, മറിച്ച് പരിശ്രമമാണ്. സത്യത്തിലും ശരിയിലും ധർമ്മത്തിലുമുള്ള വിശ്വാസം കൂടി വേണം വിജയത്തിന്. പരിശ്രമശാലികളാണ് എന്നും ഓർമ്മിക്കപ്പെടുകയെന്നും മോഹൻ ഭാഗവത് പറഞ്ഞു.'പരമേശ്വരം" ഹാളിൽ ഒരുക്കിയ ചടങ്ങിൽചടങ്ങിൽ സ്വാഗതസംഘം അദ്ധ്യക്ഷൻ പി.ആർ. നാഥൻ അദ്ധ്യക്ഷനായിരുന്നു. കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ആർ.എസ്.എസ് മുൻ അഖിലഭാരതീയ ബൗദ്ധിക് ശിക്ഷൺപ്രമുഖ് ആർ. ഹരി എന്നിവർ അനുഗ്രഹഭാഷണം നടത്തി. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എം. കേശവമേനോൻ ആശംസയർപ്പിച്ചു.
കേസരി മുഖ്യപത്രാധിപർ ഡോ. എൻ.ആർ. മധു ആമുഖഭാഷണം നടത്തി. ഹിന്ദുസ്ഥാൻ പ്രകാശൻ ട്രസ്റ്റ് മാനേജർ അഡ്വ. പി.കെ. ശ്രീകുമാർ സ്വാഗതവും കെ. സർജിത്ത്‌ലാൽ നന്ദിയും പറഞ്ഞു.
മെട്രോ മാൻ ഇ.ശ്രീധരൻ, സ്വാമി ചിദാനന്ദപുരി എന്നിവരുമായി മോഹൻ ഭാഗവത് കൂടിക്കാഴ്ച നടത്തിയിരുന്നു.
മോഹൻ ഭാഗവത്
ഇന്ന് തിരുവനന്തപുരത്തെത്തും
ഡോ.മോഹൻ ഭാഗവത് ഇന്ന് തിരുവനന്തപുരത്തെത്തും.
കോഴിക്കോട്ടെ പരിപാടികളിൽ പങ്കെടുത്ത ശേഷം കണ്ണൂരിൽ നിന്നു വിമാന മാർഗം ഉച്ചയ്ക്ക് 1.15നാണ് അദ്ദേഹമെത്തുക. ആർ.എസ്. എസ് ദക്ഷിണ ഭാരത നേതാക്കളായ സ്ഥാണുമാലയൻ, പ്രൊഫ. വന്നിയ രാജൻ, സംസ്ഥാന പ്രചാരക് പി.എൻ.ഹരികൃഷ്ണ കുമാർ എന്നിവർ അദ്ദേഹത്തെ അനുഗമിക്കും. വൈകിട്ട് 5.50ന് കവടിയാറിലെ വിവേകാനന്ദ പാർക്കിലെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന മോഹൻ ഭാഗവത് 6.15ന് രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തും.
ഇടപ്പഴഞ്ഞിയിലെ ആർ.എസ്.എസ് പ്രാദേശിക നേതാവിന്റെ വീട്ടിലാണ് താമസം. നാളെ പുളിമൂട് സംസ്കൃതി ഭവനിൽ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തും. രാവിലെ പത്തിന് ആർ.എസ്.എസിന്റെ വിവിധ ശ്രേണീ പ്രവർത്തകരുടെ യോഗത്തിലും,ഉച്ചയ്ക്ക്രണ്ടിന് ആർ.എസ്. എസ് സംസ്ഥാന നേതാക്കളുടെ യോഗത്തിലും പങ്കെടുത്ത ശേഷം വൈകിട്ട് 6.15ന് മുംബെയിലേക്ക് തിരിക്കും.