കോഴിക്കോട്: മനുഷ്യർ കിടപ്പാടത്തിൽ നിന്ന് ആട്ടിയോടിക്കപ്പെടുകയും അതിന്റെ പേരിൽ കൊല്ലപ്പെടുകയും ചെയ്യുമ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്ക് ശ്മശാന ഭൂമിയിലെ പാറാവുകാരന്റെ നിർവികാരതയാണെന്ന് മുസ്ലിം യൂത്ത്‌ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു.

നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികൾ തീ കൊളുത്തി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത്‌ ലീഗ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രതിഷേധക്കാർ മുഖ്യമന്ത്രി പിണറായി വിജയന്റെയും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെയും കോലം കത്തിച്ചു. നേരത്തെ ലീഗ് ഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം കിഡ്‌സൺ കോർണറിൽ സമാപിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂർ അദ്ധ്യക്ഷത വഹിച്ചു. കെ. എം. എ റഷീദ്, എ. ഷിജിത്ത് ഖാൻ, ഷഫീഖ് അരക്കിണർ, എസ്.വി മുഹമ്മദ് ഷൗലീഖ്, ശിഹാബ് നല്ലളം, വാഹിദ് കല്ലമ്പാറ, സുബൈർ വെള്ളിമാട്കുന്ന്, റിഷാദ് പുതിയങ്ങാടി, സിറാജ് കിണാശ്ശേരി, മുഹമ്മദ് മച്ചക്കുളം, സലാം ചേളന്നൂർ തുടങ്ങിയവർ നേതൃത്വം നൽകി.