മലപ്പുറം: ജില്ലയിൽ സ്‌കൂളുകളും കോളേജുകളും തുറക്കുന്ന സാഹചര്യത്തിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളായി ഏറ്റെടുത്ത സ്ഥാപനങ്ങൾ ഉടമസ്ഥർക്ക് വിട്ടുകൊടുക്കേണ്ടതിനാൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 10 സ്ഥാപനങ്ങൾ നിലനിറുത്തി ബാക്കിയുള്ളവ തിരികെ നൽകി ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ ഉത്തരവിറക്കി. തേഞ്ഞിപ്പലം പാരിജാതം യൂണിവേഴ്സിറ്റി ഹോസ്റ്റൽ, തേഞ്ഞിപ്പലം യൂണിവേഴ്സിറ്റി ഇന്റർനാഷനൽ ഹോസ്റ്റൽ, മഞ്ചേരി മുട്ടിപ്പാലം സയൻസ് ഇൻസ്റ്റിറ്റ്യൂട്ട്, കീഴാറ്റൂർ അൽഷിഫ ഫാർമസി ഹോസ്റ്റൽ, കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിംഗ് കോളേജ്, കൊണ്ടോട്ടി ഹജ്ജ് ഹൗസ്, കാളികാവ് അൽസഫ ഹോസ്പിറ്റൽ, മലപ്പുറം ശിക്ഷക് സദൻ, കൊണ്ടോട്ടി ഗാർഡൻ കൺവെൻഷൻ സെന്റർ, പള്ളിക്കൽ തറയിട്ടാൽ എം.എം.യു.പി സ്‌കൂൾ എന്നീ സി.എഫ്.എൽ.ടി.സികളാണ് ജില്ലയിൽ നിലനിറുത്തിക്കൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുള്ളത്. സി.എഫ്.എൽ.ടി.സി ഒഴിവാക്കുന്ന സ്ഥാപനങ്ങളിൽ കൊവിഡുമായി ബന്ധപ്പെട്ട് വാങ്ങിയ വസ്തുക്കൾ നിലനിറുത്തുന്ന സ്ഥാപനങ്ങളിലേക്ക് മാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യമുണ്ടായാൽ ജില്ലയിൽ പ്രവർത്തിക്കുന്ന കൺവെൻഷൻ സെന്ററുകൾ, ഓഡിറ്റോറിയങ്ങൾ, ലോഡ്ജുകൾ എന്നിവ ഏറ്റെടുക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.