img20201239
തിരുവമ്പാടി മണ്ഡലത്തിലെ സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി ഇ.എം.എസ് സ്മാരക ഹാളിൽ നടന്ന അവലോകന യോഗം

മുക്കം: കൊവിഡിൽ അടഞ്ഞുപോയ വിദ്യാലയ വാതിലുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് മുന്നോടിയായി സ്കൂളുകൾ തുറക്കണമെന്ന സർക്കാ‌ർ നിർദ്ദേശത്തെ തുടർന്ന് തിരുവമ്പാടി മണ്ഡലത്തിലെ ക്രമീകരണങ്ങൾ അവലോകനം ചെയ്തു. ഇ എം.എസ് സ്മാരക ഹാളിൽ ചേർന്ന യോഗം ജോർജ് എം തോമസ് എം.എൽ.എ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു അദ്ധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാദ്ധ്യാപകർ, പി.ടി.എ പ്രസിഡന്റുമാർ, തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാർ, ബി.ആർ.സി ട്രെയിനർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ക്ലാസുകൾ ക്രമീകരിക്കാനും ശുചീകരണം പൂർത്തിയാക്കാനും സ്റ്റാഫ് കൗൺസിൽ യോഗം, പി.ടി.എ യോഗം, കൊവിഡ് സെൽ യോഗം എന്നിവ ചേരാനും നിർദ്ദേശിച്ചു. പൊലീസ്, ഫയർ ഫോഴ്സ് , ആരോഗ്യം, തദ്ദേശഭരണ സ്ഥാപനങ്ങൾ, സ്കൂളുകൾ എന്നിവ യോജിച്ചു പ്രവർത്തിക്കാനാണ് ധാരണയായത്. ക്ലാസ് ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും പൊലീസ് പട്രോളിംഗ് ഉണ്ടാവണമെന്ന നിർദ്ദേശവും ഉയർന്നു. വിദ്യാലയങ്ങൾ അണുവിമുക്തമാക്കുന്നതിന് ഫയർ സർവീസ്, ആർ.ആർ.ടികൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സേവനം പ്രയാജനപ്പെടുത്താം. ആരോഗ്യ വകുപ്പിന്റെ സഹായവും ലഭ്യമാക്കണം. തദ്ദേശ സ്ഥാപന ഭരണ സമിതികൾ ആദ്യ യോഗത്തിൽ തന്നെ ഇക്കാര്യം പ്രത്യേകം അജണ്ടയായി ചർച്ച ചെയ്ത് തീരുമാനമെ ടുക്കണമെന്നും അദ്ധ്യാപകരുടെ കുറവുണ്ടെങ്കിൽ ബി.ആർ.സിയെ അറിയിച്ച് ക്രമീകരണം നടത്താനും തീരുമാനിച്ചു.