kozhikode-district-pancha

കോഴിക്കോട് : ജില്ലാ,ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ഭരണസമിതികളുടെ പ്രസിഡന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽ.ഡി.എഫിലെ കാനത്തിൽ ജമീലയും വൈസ് പ്രസിഡന്റായി എൽ.ജെ.ഡിയിലെ എം.പി ശിവാനന്ദനും തിരഞ്ഞെടുക്കപ്പെടും. എൽഡി.എഫിന് 18 സീറ്റും യു.ഡി.എഫിന് ഒൻപത് സീറ്റുമാണുള്ളത്. കാനത്തിൽ ജമീല നേരത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. നന്മണ്ട ഡിവിഷനിൽ നിന്നാണ് ഇവർ വിജയിച്ചത്.

എൽ.ജെ.ഡി ജില്ലാ സെക്രട്ടറിയായ എം.പി ശിവാനന്ദൻ അരിക്കുളം ഡിവിഷൻ പ്രതിനിധിയാണ്. നിലവിലുള്ള ധാരണ അനുസരിച്ച് രണ്ടര വർഷം എം.പി. ശിവാനന്ദൻ വൈസ് പ്രസിഡന്റാകും തുടർന്ന് സി.പി.ഐയ്ക്ക് പദവി കൈമാറും. എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി. ഗവാസായിരിക്കും തുടർന്നുള്ള രണ്ടര വർഷം വൈസ് പ്രസിഡന്റ്.

ഈങ്ങാപ്പുഴയിൽ നിന്ന് വിജയിച്ച അംബിക മംഗലത്താണ് യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി. രാവിലെ 11നാണ് ജില്ലാ പഞ്ചായത്തിലേക്കും 12 ബ്ലോക്ക് പഞ്ചായത്തുകൾ, 70 ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കും പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുക. ഉച്ചയ്ക്ക് രണ്ടിന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പും നടക്കും.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഓപ്പൺ ബാലറ്റ് മുഖാന്തരമായിരിക്കും. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പിൻവശത്ത് സ്വന്തം പേരും ഒപ്പും രേഖപ്പെടുത്തണം. ഏതെങ്കിലും സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട സ്ഥാനാർത്ഥി ഒരാൾ മാത്രമേയുള്ളൂവെങ്കിൽ വോട്ടെടുപ്പ് നടത്താതെ തന്നെ ആ സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും.

കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും നടപടിക്രമങ്ങൾ.