korapuzha-1

കോഴിക്കോട് : കോരപ്പുഴ പുതിയ പാലം നിർമ്മാണം ഫെബ്രുവരിയോടെ പൂർത്തിയാവും. പ്രവൃത്തി സമയബന്ധിതയായി തീർന്നുവരികയാണ്. പുതിയ പാലം വരുന്നതോടെ കണ്ണൂർ റൂട്ടിൽ യാത്രാതടസ്സങ്ങൾക്കും ഗതാഗതക്കുരുക്കിനും അറുതിയാവും.

ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമ്മിച്ച പാലം അപകടാവസ്ഥയിലായതോടെയാണ് പുനർനിർമ്മാണത്തിന് സർക്കാർ തീരുമാനിച്ചത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 26 കോടി രൂപ ചെലവഴിച്ച് കേരള റോഡ് ഫണ്ട് ബോർഡും ദേശീയപാതാ വിഭാഗവും ചേർന്നാണ് നിർമ്മാണം നടത്തുന്നത്.

വീതി കൂട്ടി ഇരുവശത്തും നടപ്പാതയുമായാണ് പുതിയ പാലം പൂർത്തിയാവുന്നത്. 12 മീറ്റർ വീതിയുണ്ട്. വാഹനങ്ങൾക്ക് പോകാൻ 7. 5 മീറ്റർ വീതിയിലാണ് കാരേജ് വേ. ഇരുവശത്തും ഒന്നര മീറ്റർ വീതിയിൽ ഫുട്പാത്തും. തെരുവുവിളക്കും സ്ഥാപിക്കുന്നുണ്ട്.

ഏഴ് സ്പാനുകളുണ്ട് പാലത്തിന്. ഓരോ സ്പാനിനും 32 മീറ്റർ നീളവും 12 മീറ്റർ വീതിയുമാണ്. മൊത്തം എട്ട് തൂണുകളാണുള്ളത്. പാലത്തിന് ഇരുകരകളിലുമായി 150 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡുമുണ്ടാവും. രണ്ടു ഭാഗങ്ങളിലും ആവശ്യമായ സ്ഥലങ്ങളിൽ സർവീസ് റോഡുകളും നിർമ്മിക്കുന്നുണ്ട്.