കോഴിക്കോട് : കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽ.ഡി.എഫിലെ കാനത്തിൽ ജമീലയും വൈസ് പ്രസിഡന്റായി എം.പി. ശിവാനന്ദനും അധികാരമേറ്റു.
ഇന്നലെ രാവിലെ 11ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ എട്ടിനെതിരെ 18 വോട്ടുകൾക്കാണ് കാനത്തിൽ ജമീല വിജയിച്ചത്. 18 ഇടതുമുന്നണി അംഗങ്ങളുടെയും വോട്ട് അവർക്ക് ലഭിച്ചു. എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച യു.ഡി.എഫിന്റെ ഈങ്ങാപ്പുഴയിലെ കോൺഗ്രസ് അംഗം അംബിക മംഗലത്തിന് എട്ട് വോട്ടുകളാണ് ലഭിച്ചത്. ഒമ്പത് അംഗങ്ങളുള്ള യു.ഡി.എഫിലെ റംസീന നരിക്കുനി യോഗത്തിന് എത്തിയിരുന്നില്ല. അതാണ് വോട്ട് എട്ടായി കുറഞ്ഞത്. എൽ.ഡി.എഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദാണ് കാനത്തിൽ ജമീലയെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. സി.പി.ഐയിലെ പി. ഗവാസ് പിന്താങ്ങി. വിജയ പ്രഖ്യാപന ത്തിനുശേഷം കാനത്തിൽ ജമീല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ കളക്ടർ എസ്. സാംബശിവ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു.
രണ്ടാംതവണയാണ് കാനത്തിൽ ജമീല കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകുന്നത്. 2010 മുതൽ 2015 വരെ പ്രസിഡന്റായിരുന്നു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റും സംസ്ഥാന ജോ. സെക്രട്ടറിയുമാണ്. നന്മണ്ട ഡിവിഷനിൽ നിന്നാണ് ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചത്.
ഉച്ചയ്ക്ക് രണ്ടിന് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അരിക്കുളം ഡിവിഷൻ അംഗം എൽ.ജെ.ഡിയിലെ എം.പി.ശിവാനന്ദൻ വിജയിച്ചു. എൽ.ഡി.എഫ് ധാരണ പ്രകാരം ആദ്യ രണ്ടര വർഷമാകും ശിവാനന്ദൻ വൈസ് പ്രസിഡന്റായി തുടരുക. തുടർന്നുള്ള രണ്ടര വർഷം സി.പി.ഐയിലെ പി. ഗവാസ് വൈസ് പ്രസിഡന്റാകും. എട്ടിനെതിരെ 18 വോട്ടുകൾക്കാണ് ശിവാനന്ദന്റെ വിജയം. ഓമശ്ശേരിയിൽ നിന്ന് വിജയിച്ച മുസ്‌ലിംലീഗിലെ നാസർ എസ്റ്റേറ്റ് മുക്കായിരുന്നു എതിർ സ്ഥാനാർത്ഥി. വിജയപ്രഖ്യാപനത്തിന് ശേഷം എം.പി. ശിവാനന്ദൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല സത്യവാചകം ചൊല്ലിക്കൊടുത്തു. എൽ.ജെ.ഡി സംസ്ഥാന സമിതി അംഗവും ജില്ലാ ജനറൽ സെക്രട്ടറിയുമായ എം.പി.ശിവാനന്ദൻ മൂടാടി ഗ്രാമപ്പഞ്ചായത്തിന്റെ മുൻ വൈസ് പ്രസിഡന്റാണ്. കൂടത്താങ്കണ്ടി സുരേഷാണ് വൈസ് പ്രസിഡന്റായി എം.പി. ശിവാനന്ദനെ നിർദ്ദേശിച്ചത്. ചോറോട് നിന്ന് വിജയിച്ച എൻ.എം. വിമല പിന്താങ്ങി. ജില്ല കളക്ടർ എസ്. സാംബശിവറാവു ആയിരുന്നു വരണാധികാരി.
ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബാബു പറശ്ശേരി, സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കുഞ്ഞമ്മദ് കുട്ടി, സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലൻ, എം. രാധാകൃഷ്ണൻ, എം.എം. പത്മാവതി, എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ, പി. കിഷൻചന്ദ് തുടങ്ങിയവർ വിജയികളെ അഭിനന്ദിച്ചു.
അംഗങ്ങളായ പി.ടി.എം ഷറഫുന്നീസ, പി.ഗവാസ്, നാസർ എസ്റ്രേറ്റ് മുക്ക്, മുക്കം മുഹമ്മദ്, ഐ.പി. രാജേഷ്, എം. ധനീഷ് ലാൽ,കൂടത്താങ്കണ്ടി സുരേഷ്, എൻ.എം.വിമല, മനയത്ത് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.